KOYILANDY DIARY.COM

The Perfect News Portal

ലോകത്തിലെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം അവതരിപ്പിച്ച് ചൈന

.

ചൈന: ലോകത്തിലെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം അവതരിപ്പിച്ചുകൊണ്ട് വ്യോമയാന മേഖലയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. ബാറ്ററി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 10 ടൺ വിഭാഗത്തിലുള്ള വാണിജ്യ യാത്രാവിമാനമാണ് ചൈന വികസിപ്പിച്ചത്. CE-25A എന്ന ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.

 

ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് പരീക്ഷണ പറക്കൽ നടത്തിയത്. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ബിൻഷൗ നഗരത്തിൽ നടത്തിയ പരീക്ഷണ പറക്കലിൽ രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും ഉൾപ്പെടെ മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 16 മിനിറ്റും 38 സെക്കൻഡും ആകാശത്ത് പറന്ന വിമാനം 60.4 കിലോമീറ്റർ ദൂരം പിന്നിട്ടു.

 

വിമാനത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിരുന്നുവെന്നും എല്ലാ പ്രകടന സൂചകങ്ങളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയെന്നും നിർമാതാക്കളായ കൊമാക് (COMAC) അറിയിച്ചു. ആദ്യഘട്ടത്തിൽ ഹ്രസ്വദൂര യാത്രകൾ ലക്ഷ്യമിടുന്ന ഇലക്ട്രിക് വിമാനങ്ങളാണ് വികസിപ്പിക്കുന്നത്. 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് CE-25A.

 

പരമാവധി ടേക്ക് ഓഫ് ഭാരം 10 ടണ്ണാണ്. മണിക്കൂറിൽ 300 കിലോമീറ്ററാണ് വിമാനത്തിന്റെ ക്രൂയിസ് വേഗത. 2,400 മീറ്റർ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള വിമാനത്തിന് ഒറ്റത്തവണ ചാർജിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചിറകുകൾക്ക് മുകളിലായി ഘടിപ്പിച്ചിരിക്കുന്ന പത്ത് ഇലക്ട്രിക് ഡക്റ്റഡ് ഫാനുകളാണ് വിമാനത്തിന് ആവശ്യമായ ഊർജവും മുന്നോട്ടുള്ള ചലനവും നൽകുന്നത്. പരമ്പരാഗത ജെറ്റ് എൻജിനുകൾക്ക് പകരം വിതരണം ചെയ്ത വൈദ്യുത പ്രൊപ്പൽഷൻ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

 

ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും കുറഞ്ഞ ദൂരമുള്ള റൺവേകളിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്നതിനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ചൈനീസ് വിമാന നിർമാണ കമ്പനിയായ കൊമാക്, ബാറ്ററി നിർമാതാക്കളായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വിമാനം വികസിപ്പിച്ചത്.

 

പരമ്പരാഗത വിമാന ഇന്ധനത്തിന് പകരം പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാണിജ്യ യാത്രാവിമാനമാണ് ചൈന വികസിപ്പിച്ചത്. ഇത് ലോകത്ത് തന്നെ വ്യോമയാന മേഖലയിൽ നിർണായക മുന്നേറ്റമായിരിക്കും. വിമാനത്തിന്റെ വാണിജ്യ സർവീസിന് ആവശ്യമായ അന്തിമ അനുമതിയാണ് ഇനി ലഭ്യമാകാനുള്ളത്.

Share news