ചലിക്കുന്ന കണ്ണുകള്‍, അമൂല്യ ശില്പം പോലൊരു കഥകളി കേക്ക്: ലോക റെക്കോര്‍ഡ് നേടി തൃശൂര്‍ സ്വദേശി
.
ചലിക്കുന്ന കണ്ണുകള്‍, അമൂല്യ ശില്പ്പമെന്നത് പോലെ എല്ലാം തികഞ്ഞ കഥകളി രൂപം, വേഷവും ആടയാഭരണങ്ങളും നിറക്കൂട്ടുകളും ചേരുന്ന വിസ്മയം. പൂനെയില്‍ താമസിക്കുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി അഞ്ജു ഒരുക്കിയ ഈ കേക്ക് കനം കുറഞ്ഞ ഒരു കത്തിമുന കൊണ്ട് പോലും മുറിപ്പെടുത്താന്‍ ആര്‍ക്കും തോന്നില്ല. കൊതിയേക്കാള്‍ വിസ്മയവും ആദരവും തോന്നിപ്പിക്കുന്നതാണ് അഞ്ജുവിന്റെ കേക്ക്.

ഇത്തരം വൈവിധ്യമാര്‍ന്ന കേയ്ക്കുകളെ ശില്പചാരുതയോടെ ഒരുക്കി അഞ്ജു നേടിയെടുത്തിരിക്കുന്നത് ലോക റെക്കോര്‍ഡാണ്. പൂനെയിലെ ഓര്‍ക്കിഡ് ഹോട്ടലില്‍ നടന്ന അഖിലേന്ത്യാ കേയ്ക്ക് മഹാമേളയില്‍ വൈവിധ്യ രൂപകല്പനകളോടെ 455 കേയ്ക്കുകളും കുക്കീസും ഒരുക്കി പ്രദര്‍ശിപ്പിച്ച അഞ്ജു അലന് അടക്കം 37 കേയ്ക്ക് ആര്‍ട്ടിസ്റ്റുകളാണ് വേള്‍ഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ താരങ്ങളായത്.

28 സംസ്ഥാനങ്ങളുടേയും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും സാംസ്കാരിക പാരമ്പര്യത്തെ പ്രമേയമാക്കി കേയ്ക്കുകളും ബിസ്കറ്റുകളും ഒരുക്കിയാണ് ലോക റിക്കാര്‍ഡിട്ടത്. ഐസിംഗില്‍ കഥകളിയുടെ പച്ചവേഷം പെര്‍ഫെക്ടായി രൂപപ്പെടുത്തി എന്നത് മാത്രമല്ല ഈ കേക്ക് കാണുന്നവരെ വിസ്മയിപ്പിക്കുന്നത്. കേക്കിലെ രൂപത്തിന്റെ കണ്ണുകള്‍ ചലിക്കുന്നു എന്നത് ഈ കേക്കിന് കൂടുതല്‍ ജീവന് പകരുന്നുണ്ട്. മോഡലിംഗ് ചോക്ലേറ്റും ഫോണ്ടന്റും ഉപയോഗിച്ചാണ് കേക്കിന്റെ നിര്‍മാണം.

മൂന്നടി ഉയരവും രണ്ടടി വീതിയുമാണ് കേക്കിനുള്ളത്. ത്രീ ഡി പ്രിന്റിംഗിന്റേയും ചിപ്പിന്റേയും സഹായത്തോടെയാണ് കേക്കിന് ജീവന് തുടിക്കുന്ന കണ്ണുകള്‍ നല്‍കിയിരിക്കുന്നത്. ഒരേസമയം കലയും സാങ്കേതിക വിദ്യയും ഒത്തുചേരുതയാണ് അഞ്ജുവിന്റെ കഥകളി കേക്കില്‍. പൂനെയിലെ ‘ദ ബേക്കിംഗ് പ്രൊജക്ട് 2.0’ കേയ്ക്ക് സ്റ്റുഡിയോയുടെ സ്ഥാപകയാണ് അഞ്ജു അലന്. എറണാകുളം സ്വദേശിയായ അലന് ടിറ്റോയാണു ഭര്‍ത്താവ്. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബാബു പഴയാറ്റിലിന്റേയും മേഴ്സിയുടേയും മകളാണ് അഞ്ജു.
ഷെഫ് പ്രാചി ദാബല് ദേബിന്റെ നേതൃത്വത്തിലാണ് ഈ ലോക റിക്കാര്‍ഡ് യജ്ഞം ഒരുക്കിയത്. അഞ്ജുവിനൊപ്പം മൂന്നു മലയാളികള്‍കൂടി ഈ യജ്ഞത്തില്‍ ലോക റിക്കാര്‍ഡിട്ടു. എല്‍സ റോയ്സ്, റോഷ്നി ശുക്ല, ലുബ്ന ഗഫൂര്‍ എന്നിവരാണിവര്‍. യുകെയിലെ വേള്‍ഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെ ഡയറക്ടര്‍ ഡോ. സുചിത ശുക്ലയുടേയും പൂനെ കോര്പറേഷന് അധികാരികളുടേയും സാന്നിധ്യത്തിലായിരുന്നു ലോക റിക്കാര്‍ഡിട്ട പ്രദര്‍ശനം.



