പിഷാരികാവ് ക്ഷേത്രത്തിൽ പണാപഹരണം നടത്തിയ ജീവനക്കാരിയെ തിരിച്ചെടുത്തതിനെതിരെ സിപിഐഎം
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നിന്നും പണാഹരണം നടത്തിയ ജീവനക്കാരിയെ പുനർ നിയമനം നടത്തി തിരിച്ചെടുത്ത സംഭവത്തിൽ സിപിഐഎം ആനക്കുളം ലോക്കൽ കമ്മിറ്റി പ്രതിഷേധത്തിലേക്ക്. ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ചതിനെ തുടർന്ന് 2021ൽ പുറത്താക്കപ്പെട്ട ജീവനക്കാരിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്. ജീവനക്കാരി കൊടുത്ത ഹരജിയെ തുടർന്ന് സംസ്ഥാന റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി അന്വേഷിച്ച് നിയമനം നൽകുന്നതിനായി മലബാർ ദേവസ്വം ബോർഡ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും അതിൻ പ്രകാരം പിഷാരികാവിലെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസർ ധൃതിപ്പെട്ട് നിയമന ഉത്തരവ് നൽകുകയുമാണ് ചെയ്തത്.
.
.

.
ഈ കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി കോടതിയിൽ RC No 20/26 CMP NO 246/26 നിലവിലുണ്ട്. മതിയായ കൂടിയാലോചന നടത്തണമെന്ന പിഷാരികാവ് ട്രസ്റ്റി ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളുടെ ആവശ്യം മാനിക്കാതെയാണ് എക്സിക്യൂട്ടീവ് ഓഫീസർ നിയമന ഉത്തരവ് നൽകിയത്. ഇതിൽ ട്രസ്റ്റി ബോർഡ് അംഗങ്ങൾ ശക്തമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. സ്പെഷ്യൽ ഗ്രേഡ് പദവിയിലുള്ള ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഫസ്റ്റ് ഗ്രേഡ് എക്സിക്യൂട്ടീവ് ഓഫീസറോ അല്ലെങ്കിൽ ജൂനിയർ സൂപ്രണ്ട് റാങ്കിലോ ഉള്ള ഓഫീസർമാരോ ആയിരിക്കണം എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല നിർവഹിക്കേണ്ടത് എന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി നിലനിൽക്കുകയാണ്.
.

.
എന്നാൽ ഭരണം മാറിയ ഉടനെ മേൽപ്പറഞ്ഞ യോഗ്യതയില്ലാത്ത എക്സിക്യൂട്ടീവ് ഓഫീസറെ ഇപ്പോൾ തിരക്ക് പിടിച്ച് നിയമിച്ചതും ഭക്തജനങ്ങളിൽ സംശയം ഉയർത്തിയിരിക്കുയാണ്. ജനപ്രതിനിധിയുടെയും ഡിസിസി ഭാരവാഹിയുമായ മുൻ ജീവനക്കാരൻ്റെ കടുത്ത സമ്മർദ്ദത്തിലാണ് എക്സിക്യൂട്ടീവ് ഓഫീസർ പ്രസ്തുത ജീവനക്കാരിക്ക് ധൃതി പിടിച്ച് പുനർ നിയമനം നൽകിയത്. ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സാക്ഷി മൊഴിയോ സിസിടിവി ദൃശ്യങ്ങളോ ആവശ്യമായ രീതിയിൽ പരിഗണിച്ചില്ല എന്ന ആക്ഷേപവും ഭക്തജനങ്ങളിൽ നിലനിൽക്കുന്നു.
.

.
ക്ഷേത്രങ്ങളിൽ നിന്നും കളവു നടത്തുന്ന ജീവനക്കാരെ യാതൊരു തരത്തിലും സർവീസിൽ വെച്ചുപൊറുപ്പിക്കില്ല എന്ന ദേവസ്വം വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തിരക്കുപിടിച്ചുള്ള നിയമന ഉത്തരവ് ഈ ജീവനക്കാരിക്ക് നൽകിയത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദേവസ്വം വകുപ്പും മലബാർ ദേവസ്വം ബോർഡും ഭക്തജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ച് ആശങ്കകൾ അകറ്റണമെന്നും മേൽപ്പറഞ്ഞ നിയമനം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ആയതിനാൽ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും സിപിഐഎം ആനക്കുളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി കെ ടി സിജേഷ്, എപി സുധീഷ് എം കെ ബാബു എന്നിവർ സംസാരിച്ചു.



