പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടി: ജീവനക്കാരൻ അറസ്റ്റിൽ
.
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് യാത്രക്കാരിൽനിന്ന് പണം തട്ടിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയെയാണ് ടോൾ കമ്പനി മാനേജരുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. ടോൾ കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകേണ്ട പണം സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു മാസത്തിനിടെ ഏഴ് ലക്ഷം രൂപയോളം തട്ടിയെടുത്തതായാണ് കണ്ടെത്തൽ. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോഴായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ജീവനക്കാർ സ്വന്തം സ്വകാര്യ ക്യുആർ കോഡ് സ്കാനർ യാത്രക്കാർക്ക് കാണിച്ചുകൊടുത്ത് പണം സ്വീകരിക്കുകയായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പണം ടോൾ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്താതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കാണ് പോയിരുന്നത്.




