KOYILANDY DIARY.COM

The Perfect News Portal

ദേശീയ സെമിനാറിൽ ആർഎസ്എസ് നേതാക്കൾ: കാസ​ർഗോ‍ഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം

.

കേരള കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് നേതാവിനെ മുഖ്യാതിഥിയാക്കി നടത്തുന്ന ദേശീയ സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടനകൾ. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സർവകലാശാലയിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സെമിനാറിലാണ് ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ പങ്കെടുക്കുന്നത്. ആർഎസ്എസ് നേതാവിനെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും വേദിയിലേക്ക് കടത്തിവിട്ടില്ലെന്നും ആണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പറയുന്നത്.

 

സ്ഥലത്ത് വൻ പ്രതിഷേധം തുടരുകയാണ്. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ബലം പ്രയോ​ഗിച്ചു. ദേശീയ സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായാണ് കേന്ദ്ര സർവകലാശാല ലൈബ്രറി ഹോളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ഭൗതിക വിഭാഗമായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ കൺവീനറും ‘കേസരി’ വാരികയുടെ മുൻ പത്രാധിപരുമായ ജെ. നന്ദകുമാർ ആണ് മുഖ്യപ്രഭാഷകനായി എത്തുന്നത്.

 

സെമിനാറിന്റെ സമാപന ദിവസത്തെ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും പങ്കെടുക്കുന്നുണ്ട്. സർവകലാശാലയുടെ മതേതര സ്വഭാവം തകർക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടപ്പിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

 

ആർഎസ്എസ് ബന്ധമുള്ള സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത്തുമായി ചേർന്ന് സർവകലാശാല ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ കടുത്ത അമർഷം ഉയർന്നിട്ടുണ്ട്. സർവകലാശാല വിസിയും അധികൃതരും കാവിവൽക്കരണ നീക്കങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

Share news