ആര്‍ സുഗതൻ്റെ ഒപ്പ് വ്യാജം: പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്
.
കാപ്പ കേസില്‍ ജയിലിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതൻ്റെ ഒപ്പ് വ്യാജമാണെന്ന എൽഡിഎഫ് പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. തിരുവനന്തപുരം നഗരസഭയിൽ പരിശോധന നടത്തും. അന്വേഷണത്തിന്റെ ഭാഗമായി രജിസ്റ്റർ അടക്കം പരിശോധിക്കും.

സുഗതന്റെ കൗൺസിലർ സ്ഥാനം നിലനിർത്താനായി രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടുവെന്ന് കാണിച്ചുക്കൊണ്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് ആണ് പരാതി നൽകിയത്. വിവരകാശം അനുസരിച്ച് കോർപ്പറേഷനിൽ നിന്ന് കൗൺസിലിൽ നിന്ന് എടുത്ത രജിസ്റ്റർ ബുക്കിലാണ് വ്യാജ ഒപ്പെന്ന് എസ് പി ദീപക് വ്യക്തമാക്കിയിരുന്നു. പിന്നിൽ പ്രവർത്തിച്ചത് മേയർ വി വി രാജേഷാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

മൂന്ന് ദിവസത്തെ കൗൺസിൽ മീറ്റിംഗിലാണ് സുഗതൻ്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയത്. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ തിയ്യതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ് സുഗതന്‍ പങ്കെടുത്തതായി ഒപ്പിട്ടിരിക്കുന്നത്. ഫെബ്രുവരി മാസം മുതൽ സുഗതൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. വിവരാവകാശം വഴി കൗൺസിൽ യോഗത്തിൻ്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡ്വ. എസ് പി ദീപക് അറിയിച്ചു. ഇക്കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.




