സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
.
സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകൾക്കായി ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കാൻ പോകുന്നത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ പണിമുടക്ക് കൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തിയത്. രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതോടെ ഉപഭോക്താക്കൾക്ക് ഞായറാഴ്ച പണമിടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ സൗകര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ബാങ്ക് യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



