ജില്ലാ ജല ശുചിത്വ മിഷൻ യോഗം ചേർന്നു
.
കോഴിക്കോട് ജില്ലയിലെ ജല ജീവൻ മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ജല ശുചിത്വ മിഷൻ (DWSM) യോഗം ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂമി ലഭ്യമാകാത്തതും വിവിധ റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമാകാത്തതുമായ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

ചാത്തമംഗലം പഞ്ചായത്തിൽ 70 എൽ എൽ ജലസംഭരണി നിർമ്മിക്കുന്നതിനാവശ്യമായ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായും 26-ന് കേരള വാട്ടർ അതോറിറ്റിക്ക് ഭൂമി കൈമാറുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഏറാമല പഞ്ചായത്തിലും ജലസംഭരണി നിർമ്മിക്കുന്നതിനാവശ്യമായ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. 28 ന് കേരള വാട്ടർ അതോറിറ്റിക്ക് ഭൂമി കൈമാറും.

പുതുപ്പാടി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു. പേരാമ്പ്ര പഞ്ചായത്തിലെ ജലസംഭരണിയിലേക്ക് പമ്പിംഗ് മെയിൻ സ്ഥാപിക്കുന്നതിന് ഡിടിപിസി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മതിലിന്റെ ഭാഗം പൊളിക്കേണ്ട സാഹചര്യമുള്ളതിനാൽ ഡിടിപിസി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മതിൽ പൊളിക്കുന്ന പ്രവർത്തിക്ക് യോഗത്തിൽ അനുമതി നൽകി.

സബ് കലക്ടർ ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടർ മാളവിക ജി. നായർ, ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി പി കെ സുരേഷ്, കേരള വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



