കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഫോക്ക്ലോര്‍ ആര്‍ട്ട് ഗ്യാലറി തട്ടിപ്പ്: സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം ആരംഭിച്ചു
.
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഫോക്ക്ലോര്‍ ആര്‍ട്ട് ഗ്യാലറി തട്ടിപ്പില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം ആരംഭിച്ചു. ഗുരുതരക്രമക്കേട് ആണ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദര്‍ശന വസ്തുക്കള്‍ അനുമതിയില്ലാതെ സര്‍വ്വകലാശാലയ്ക്ക് പുറത്തേക്ക് പോയതിലും നേരിട്ട് ഫോക്ക്ലോര്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചതിലും ചട്ടലംഘനം കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് സര്‍വ്വകലാശാല തീരുമാനം.

ഉന്നതരുടെ അറിവോടെയായിരുന്നു ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സംശയിക്കുന്നു. വര്‍ക്ക്സ് ആര്‍ഡ് പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്ന മിക്ക വസ്തുക്കളും കാണാനുണ്ടായിരുന്നില്ല. തെയ്യത്തിന്റെ രൂപം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകം വരെ ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഫോക്ലോര് അക്കാദമിയുമായി സഹകരിച്ചായിരുന്നു ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്.

താവക്കര ക്യാമ്പസില്‍ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായാണോ ആര്‍ട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിര്‍മ്മിച്ചതെന്ന സംശയം പിന്നാലെ ഉയര്‍ന്നിരുന്നു. പിന്നീട് തട്ടിപ്പ് മറയ്ക്കുന്നതിനായി പ്ലാസ്റ്റര്‍പാരിസില്‍ തീര്‍ത്ത ചില രൂപങ്ങള്‍ സ്ഥാപിച്ചിരുന്നു. ഉദ്ഘാടനത്തിന് 7,98,000 രൂപ ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. വൈന്‍ ചാന്‍സലര്‍ മുതല്‍ താഴേക്കുള്ള മിക്ക ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പ് വിവരം അറിയാമായിരുന്നുവെന്നാണ് കണ്ടെത്തല്‍.




