കോഴിക്കോട് ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്
.
കോഴിക്കോട് ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്കേറ്റു. കോഴിക്കോട് ഫറോക്കിലാണ് യുവാവിനെ അർധരാത്രി ബൈക്കിലെത്തിയ സംഘം മാരകമായി ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ ഫറോക്ക് പുറ്റെക്കാട് സ്വദേശി അരുൺ കുമാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ കെ പി ഉജ്വൽ, സഹോദരൻ സായൂജ് എന്നിവർ ചേർന്നാണ് അരുൺ കുമാറിനെ ആക്രമിച്ചത്. കരാട്ടെ അധ്യാപകരായ അക്രമികൾ ഉപയോഗിച്ച നഞ്ചക്കിൻ്റെ ഭാഗങ്ങളും പ്രതികൾ സഞ്ചരിച്ച വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ശനി അർധരാത്രിയോടെ പുറ്റെക്കാട് മദ്രസക്ക് സമീപമാണ് സംഭവം.

വിവാഹാഘോഷത്തിൽ പങ്കെടുത്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അരുണിനെ ആക്രമിച്ചത്. ബൈക്ക് തടഞ്ഞ് കരാട്ടെ അധ്യാപകരായ സഹോദരങ്ങൾ നഞ്ചക്കുപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് ഗുരുതര പരിക്ക്. നഞ്ചക്കിൻ്റെ അടിയേറ്റ് ദേഹമാസകലം മുറിവുണ്ട്. അരുൺ കുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുകാർ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.




