2026 ലെ പത്മപ്രഭാ പുരസ്കാരം നോവലിസ്റ്റ് ആർ രാജശ്രീക്ക്
.
പത്മപ്രഭാ പുരസ്കാരം നോവലിസ്റ്റ് ആർ രാജശ്രീക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് എം മുകുന്ദനും കഥാകാരി ഗ്രേസി, നിരൂപകൻ ഡോ. കെ എസ് രവികുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രമേയപരമായി സ്ത്രീജീവിതത്തെ ആവിഷ്കരിക്കുമ്പോഴും പുരുഷാധികാരത്തിന്റെ ഭാവുകത്വത്തെ പിന്തുടർന്നിരുന്ന മലയാളത്തിലെ അതുവരെയുള്ള പല സ്ത്രീകേന്ദ്രീകൃത നോവലുകളിൽനിന്ന് വിഭിന്നമായി, സ്ത്രീയെന്നും പുരുഷനെന്നുമുള്ള വേർതിരിവുകളെ അതിജീവിച്ചുകൊണ്ട് അനുഭവങ്ങളുടെ ആഴവും ആഖ്യാനത്തിന്റെ വിസ്മയവും രാജശ്രീയുടെ രചനകളിൽ വേറിട്ടുനിൽക്കുന്നു എന്ന് പുരസ്കാര നിർണയസമിതി വിലയിരുത്തി. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച ആർ. രാജശ്രീ ‘കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്.




