കേരളത്തിലെ കർഷകരെയും വെറുതെ വിടാതെ കേന്ദ്രം; നെൽകർഷകരെ സഹായിക്കാൻ സംസ്ഥാനം നൽകുന്ന അധിക ബോണസ് നിർത്തലാക്കമെന്ന് കേന്ദ്രത്തിന്‍റെ കത്ത്
.
കേരളത്തിലെ നെൽകർഷകരെ ദ്രോഹിക്കുന്ന നിലപാട് കടുപ്പിച്ച് കേന്ദ്രം. നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കത്ത് നൽകി. അധിക ബോണസ് നൽകുന്നതിലൂടെ ആവശ്യത്തിലധികം സംഭരിക്കപ്പെടുന്ന നെല്ല് പൊതുഖജനാവിന് ബാധ്യതയാണ് എന്നാണ് കേന്ദ്രത്തിന്റെ വാദം.

കേരളത്തിലെ നെൽകർഷകരെ ചേർത്തുപിടിക്കുന്ന നയത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് പുറമെ കേരളം അധിക ബോണസ് നൽകുന്നത്. സമീപവർഷങ്ങളിൽ നെല്ലിന്റെ വൻതോതിലുള്ള ഉൽപാദനം വർധിപ്പിക്കാൻ കർഷകരെ ഈ ബോണസ് സഹായിച്ചിരുന്നു. എന്നാൽ അധിക ശേഖരം വർധിക്കുന്നത് ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയാണെന്ന വാദം ഉയർത്തിയാണ് ബോണസ് നിർത്തലാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

നെല്ല്, ഗോതമ്പ് എന്നിവയുടെ അമിതമായ കൃഷി, പരിസ്ഥിതി പ്രശ്നങ്ങൾ, കാലാവസ്ഥ അസ്ഥിരത എന്നിവക്ക് കാരണമാകുമെന്ന വിചിത്രവാദവും കേന്ദ്രം ഉയർത്തുന്നുണ്ട്. നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ ബോണസ് നയം പുനഃപരിശോധിച്ച് നെല്ലിന് പകരം മറ്റ് ധാന്യങ്ങൾക്ക് ബോണസ് നൽകണമെന്നാണ് ആവശ്യം. നെല്ല് സംഭരണം സുഗമമാക്കി കർഷകരുടെ പരിരക്ഷയ്ക്കായി കേരളം ശ്രമിക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ പകപോക്കൽ. ഒക്ടോബർ 20 മുതൽ നെല്ല് നൽകിയ മുഴുവൻ കർഷകർക്കും കിലോയ്‌ക്ക് 30 രൂപ വീതം കൊടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നവംബർ ഒന്നുമുതലാണ് സംഭരണ വില 28.20 രൂപയിൽനിന്ന് 30 ആക്കി കേരളം ഉയർത്തിയത്.




