KOYILANDY DIARY.COM

The Perfect News Portal

ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കോൺ​ഗ്രസ് ഇപ്പോൾ പിന്തുടരുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ്

തരൂർ: ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കോൺ​ഗ്രസ് ഇപ്പോൾ പിന്തുടരുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബാബറി മസ്ജിദ് ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷതയുടെ പ്രതീകമായിരുന്നുവെന്നും അതാണ് തകര്‍ക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് തരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബറി മസ്ജിദിനെ തകർക്കാൻ സംഘപരിവാര്‍ ആഗ്രഹിക്കുന്നതുപോലെ എല്ലാ സഹായവും കോണ്‍ഗ്രസ് ചെയ്തുകൊടുത്തു.

ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആയി അതു മാറി. എന്നിട്ടും ഇപ്പോഴും അതേ നിലപാട് കോണ്‍ഗ്രസ് തുടരുകയാണ്. കോണ്‍ഗ്രസിന്റെ ദേശീയനേതാവെന്നു പറയപ്പെടുന്ന തിരുവനന്തപുരം എം പിയുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനുള്ള ഐക്യദാര്‍ഢ്യമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പല സംസ്ഥാന നേതാക്കളും പ്രൊഫൈല്‍ പിക്ചറില്‍ കുറേക്കാലം കൊണ്ടുനടന്ന കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഫേസ്ബുക്കില്‍ പങ്കുവെച്ചത് ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ്.

 

ക്ഷേത്രമോ മറ്റാരാധനാലയങ്ങളോ എവിടെയെങ്കിലും വരുന്നതിന് ഇവിടെ ആരും എതിരല്ല. ഭരണത്തെ മതവുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രശ്നം. മതപരമായ ചടങ്ങുകളെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതിന് നേതൃത്വം കൊടുക്കുകയാണ്. മതരാഷ്ട്രീയത്തത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുകയാണ് ഇവരുടെ ലക്ഷ്യം. അത്തരം രാഷ്ട്രീയത്തെ ചേര്‍ത്തു നിറുത്തുകയാണ് ശശി തരൂരും ഡി.കെ. ശിവകുമാറും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്- മന്ത്രി പറഞ്ഞു.

Advertisements

 

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഇന്നലെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്നിടങ്ങളില്‍ ഉച്ചവരെയായിരുന്നു അവധിയെങ്കില്‍ ഹിമാചലില്‍ അത് വൈകിട്ടുവരെയായിരുന്നു. കേരളത്തിലും അവധി പ്രഖ്യാപിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ഒരാഴ്ച ചിലപ്പോള്‍ അവധി നല്‍കുമായിരുന്നു. ഇത് ലജ്ജാകരമാണ്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരെടുത്ത നിലപാടിനെപ്പറ്റിയും ശശി തരൂരിന്റെയും ഡി കെ ശിവകുമാറിന്റെയും ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റിയും കോണ്‍ഗ്രസ് നേതാക്കളുടെയും മുസ്ലീംലീഗിന്റെയും അഭിപ്രായമെന്താണെന്നും മന്ത്രി ചോദിച്ചു.

 

ഒരു പാര്‍ട്ടിയെ നയിച്ചുകൊണ്ട് മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിലപാടിനെ സഹായിക്കുന്ന നിരവധി സ്ലീപ്പിംഗ് ഏജന്റുമാര്‍ കോണ്‍ഗ്രസിലുണ്ടെന്ന അഭിപ്രായത്തെ ശരിവയ്ക്കുന്ന നിലപാടുകളാണിപ്പോള്‍ പുറത്തുവരുന്നത്. സ്ലീപ്പര്‍ ഏജന്റ് കര്‍സേവ ഏജന്റുമാരായി മാറിയിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനായി ഇന്ത്യയിലാകെ നടന്ന ഇഷ്ടികദാന യാത്ര കേരളത്തില്‍ ഉദ്ഘാടനംചെയ്ത മാധവന്‍കുട്ടിയെ കുറഞ്ഞമാസങ്ങള്‍ക്കുള്ളില്‍ ബേപ്പൂരില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ലീഗിന്റെയും പൊതുസ്ഥാനാര്‍ഥിയാക്കി.

അതേരീതിയില്‍ അഡ്വ. രത്നസിംഗ് ലോക്സഭാ സ്ഥാനാര്‍ഥിയായി. ഇപ്പോഴും ആ നിലപാട് തുടരുകയാണ്. മതനിരപേക്ഷതയെ മുറുകെപ്പിടിക്കാനുള്ള ത്രാണി കോണ്‍ഗ്രസിന് ഇല്ലാതെ പോകുന്നു. ശശി തരൂരിനെയും ശിവകുമാറിനെയും തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാണോ? ഇതിലൊക്കെയുള്ള കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റേയും അഭിപ്രായമറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കാരണം യുഡിഎഫിനൊപ്പം നില്‍ക്കുന്ന വലിയൊരുവിഭാഗം ആളുകള്‍ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരൊക്കെ നിരാശരാണെന്നും മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!