KOYILANDY DIARY

The Perfect News Portal

കബാലി വരുന്ന ദിനം വലാക്ക് അമ്മൂമ്മ ഗുരുതരാവസ്ഥയിലാകും; അവധിക്ക് അപേക്ഷിച്ച്‌ ആരാധകര്‍

റിലീസിനു മുമ്ബേ കബാലിയും, കബാലി കാണാനായി ആരാധകര്‍ നിരത്തുന്ന കാരണങ്ങളും ട്വിറ്ററിനെ കീഴടക്കുന്നു. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രം എന്നൊക്കെ പറഞ്ഞാല്‍ ആരാധകര്‍ക്ക് ജീവന്‍ മാത്രമല്ല, അതുക്കും മേലെയാണ്. അതും ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം എത്തുന്ന സ്റ്റൈലന്‍ പടമാണെങ്കില്‍ പറയുകയും വേണ്ട. റിലീസ് ദിനത്തില്‍ തന്നെ ചിത്രം കാണുകയെന്നത് ആരാധകര്‍ ഒരു ആചാരം പോലെ അനുഷ്ഠിച്ചു വരുന്ന കാര്യവുമാണ്. ഈ മള്‍ട്ടിപ്ലക്സ് യുഗത്തിലും കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല. ട്രൈലര്‍ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെക്കോഡ് പ്രേക്ഷകരെ സൃഷ്ടിച്ച രജനി ചിത്രം കബാലി ചിത്രത്തിന്റെ റിലീസ് എന്നൊക്കെ പറയുമ്ബോള്‍ ആകാംക്ഷ അത് അതിന്റെ ഏറ്റവും മുകളില്‍ ആയിരിക്കുമെന്നതില്‍ സംശയമില്ലാത്ത കാര്യമാണ്.

അങ്ങനെയിരിക്കെയാണ് നീട്ടി വച്ച റിലീസ് തിയതികളെ എല്ലാം അതിജീവിച്ച്‌ കബാലി റിലീസാവാന്‍ പോവുകയാണെന്ന വാര്‍ത്ത. ഈ മാസം 22നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അതാണെങ്കില്‍ പ്രവര്‍ത്തി ദിവസവും എങ്കിലും അന്ന് ജോലിക്കു പോവാനൊന്നും ആരാധകര്‍ക്ക് മനസ്സില്ല, എങ്ങനെയെങ്കിലും അവധിയൊപ്പിച്ചെടുക്കണം. അതിനായി ആരാധകര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗങ്ങളും കാരണങ്ങളുമാണ് വിചിത്രം.

അവധി എടുക്കാന്‍ രജനി ആരാധകര്‍ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നിരത്തുന്ന രസകരമായ കാരണങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലെ പുതിയ ചര്‍ച്ചാ വിഷയം. വലാക്ക് അമ്മൂമ്മ ഗുരുതരാവസ്ഥയിലാണെന്നും അവധി വേണമെന്നുമാണ് അതിബുദ്ധിമാന്മാരായ ചിലര്‍ മാനേജര്‍ക്കുള്ള ലീവ് ലെറ്ററില്‍ എഴുതിയിരിക്കുന്നത്.

Advertisements

ഈ വലാക് അമ്മൂമ്മ ആരാണെന്നു സംശയിക്കേണ്ട ഹൊറര്‍ ചിത്രമായ കോണ്‍ജുറിംഗ് 2ലെ വില്ലത്തി അമ്മൂമ്മ തന്നെ. ലീവ് ലെറ്ററിന്റെ വിശ്വാസ്യതക്കായി വലാക്ക് അമ്മൂമ്മയുടെ ചിത്രം സഹിതമാണ് ചിലര്‍ കത്ത് തയ്യാറാക്കിയിരിക്കുന്നത്. മുകളിലെ ചിത്രത്തില്‍ കാണുന്ന തന്റെ അമ്മൂമ്മ ഗുരുതരാവസ്ഥയിലാണെന്നും ജൂലൈ 21നും 22നും അവധി വേണമെന്നും ഇവര്‍ മേലുദ്യോഗസ്ഥരോട് താഴ്മയായി അപേക്ഷിക്കുന്നു. സംഭവം രസകരമാണെങ്കിലും അവധി ലഭിക്കുമോ എന്നൊന്നും ഉറപ്പില്ല. പക്ഷെ കത്തുകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.