KOYILANDY DIARY.COM

The Perfect News Portal

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പൊലീസ്.

ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും അതുകൊണ്ട് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കരുതെന്നുമാണ് പൊലീസിന്റെ ആവശ്യം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നതെന്നും പൊലീസ് പറയുന്നു.

ഹര്‍ജിയിലൂടെ നടിയെ വീണ്ടും ആക്രമിക്കുകയാണ് ദിലീപെന്നും ചൂണ്ടിക്കാണിച്ച്‌ പ്രോസിക്യൂഷന്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

അതേസമയം, പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ നിലപാട് അറിയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

രേഖകള്‍ ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ രേഖകള്‍ പ്രതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ദിലീപിന് കൈമാറരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

സുപ്രധാന രേഖകള്‍ കൈമാറാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ദിലീപിന്റെ പരാതി. എന്നാല്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്റെ സംശയം.

വിചാരണയ്ക്ക് മുന്നോടിയായി തനിക്കെതിരായ തെളിവുകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് കേസില്‍ പ്രതിയായ ദിലീപിന്റെ വാദം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!