പയ്യോളി GHSSന് സമീപത്തെ മരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
പയ്യോളി: ദേശീയ പാതയില്‍ പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ മരത്തിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മരത്തിന് മുകളിലേക്ക് തീ പടര്‍ന്നത്. സമീപത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് തീ മരത്തിലേക്ക് പടര്‍ന്നത്. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പയ്യോളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തായത് ഏറെ ഭീതിപരത്തി.
വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്കൂള്‍ കെട്ടിടത്തോടനുബന്ധിച്ചാണ് തീ പിടിച്ചെതെന്ന വ്യാജസന്ദേശത്തെ തുടര്‍ന്ന് വടകര, കൊയിലാണ്ടി യൂനിറ്റുകളിലെ അഗ്നിശമനസേന യൂനിറ്റുകളും, പയ്യോളി പൊലീസും കുതിച്ചെത്തിയെങ്കിലും സംഭവം കെട്ടിടത്തില്‍നിന്ന് ഏറെ അകലെ പഴയ എ.ഇ.ഒ ഓഫിസ് ബസ്സ്റ്റോപ്പിന് സമീപമായിരുന്നു. സംഭവം ഗുരുതരമല്ലാത്തതിനാല്‍ സേനയുടെ വടകര യൂനിറ്റ് തിരിച്ചുപോകുകയും ചെയ്തു. നേരത്തെ സ്ഥലത്ത് എത്തിയ അഗ്നിശമനസേനയുടെ കൊയിലാണ്ടി യൂനിറ്റ് അസി. സ്റ്റേഷന് ഓഫിസര്‍ കെ.ടി. രാജീവന്, കെ. സതീശന് എന്നിവരുടെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കി.