KOYILANDY DIARY.COM

The Perfect News Portal

താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യം’; വിമര്‍ശനവുമായി ഹൈക്കോടതി

.

കൊച്ചി: താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യമാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. നടി ലക്ഷ്മിപ്രിയ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പാവപെട്ടവരുടെ പ്രശ്നം ഉള്ളപ്പോള്‍ ഇവരുടെ പ്രശ്നം തീര്‍ക്കാനെ സമയമുള്ളൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നടി അന്‍സിബ ഹസനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ആവശ്യം. ഇതില്‍ നേരത്തെ തന്നെ കോടതി സംസ്ഥാന സര്‍ക്കരിനും അന്‍സിബയ്ക്കും നോട്ടീസ് അയച്ചിരുന്നു.

 

അന്‍സിബയുടെ മേല്‍വിലാസത്തിലെ പിന്‍കോഡ് തെറ്റായിരുന്നതിനാല്‍ നോട്ടീസ് കൃത്യമായി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം പരിഹരിച്ച് നോട്ടീസ് ഇന്ന് തന്നെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം, അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ബിഎന്‍എസ് 74 ചേര്‍ത്തിട്ടുണ്ട് എന്ന വിശദീകരണവുമായി പാലാരിവട്ടം പൊലീസ് രംഗത്തെത്തി.

 

എഫ്‌ഐആറില്‍ ടൈപ്പിങ് പിഴ സംഭവിച്ചു എന്നാണ് വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടികാണിച്ച് അന്‍സിബ കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് വിശദീകരണം. പാലാരിവട്ടം എസ്എച്ച്ഒക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനായിരുന്നു അന്‍സിബയുട നീക്കം.

 

അന്വേഷണ ചുമതല മറ്റൊരു എസ്എച്ച്ഒയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍, മനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രം ചേര്‍ത്ത് കേസ് എടുത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്.

 

Share news