കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വിജയം
.
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വിജയം. സർവകലാശാല സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായി എസ്. ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. 38 വോട്ടുകൾ നേടിയാണ് ശ്രീജിത്തിന്റെ വിജയം. യൂണിവേഴ്സിറ്റി കോളേജിലെ എംഎ ഫിലോസഫി വിദ്യാർത്ഥിയാണ് എസ് ശ്രീജിത്ത്. അതേസമയം കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്കുള്ള കേരള സർവകലാശാല സെനറ്റ് പ്രതിനിധിയായി പ്രിയ പ്രിയദർശനിയും തെരഞ്ഞെടുക്കപ്പെട്ടു.

37 വോട്ടുകളാണ് പ്രിയ നേടിയത്. ഇന്ന് നടന്ന സെനറ്റ് യോഗത്തിലായിരുന്നു ഇരു തെരഞ്ഞെടുപ്പുകളും. അതേസമയം, കേരള സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം സെനറ്റ് യോഗത്തിൽ ചർച്ച ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ശിവ എസ് കൊണ്ടുവന്ന പ്രമേയത്തിനു ഭൂരിപക്ഷം അംഗങ്ങളും പിന്തുണ നൽകി.

കൂടാതെ ജാതി അധിക്ഷേപ പരാതി ഉന്നയിച്ച ഗവേഷക വിദ്യാർത്ഥി വിപിൻ വിജയന് പിഎച്ച്ഡി അനുവദിക്കാത്തതിനെതിരെയും സെനറ്റ് യോഗത്തിൽ പ്രതിഷേധം ഉയർന്നു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്.




