KOYILANDY DIARY.COM

The Perfect News Portal

നിപാ വൈറസ് ബാധ: പണം അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി

കോഴിക്കോട്: പണം അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അറിയിച്ചതായി ബന്ധുക്കളുടെ ആരോപണം. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസയ്ക്കാണ് ചികില്‍സ നിഷേധിച്ചത്.

ഒന്നേകാല്‍ ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്നാണ് അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ മരിച്ചവരുടെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയോളം കുടുംബാംഗങ്ങള്‍ അടച്ചിരുന്നു. എന്നാല്‍ മൂസയുടെ ചികിത്സയുടെ ഒന്നേകാല്‍ ലക്ഷം അടച്ചില്ലെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

നിപാ വൈറസ് ബാധയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ സൗജന്യ ചികില്‍സ ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതായി ചങ്ങരോത്തെ നാട്ടുകാരും ആരോപിച്ചു.

അതേസമയം വെന്റിലേറ്ററിലെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ സ്വകാര്യ ആശുപത്രിക്ക്  നിര്‍ദ്ദേശം നല്‍കി. ചികില്‍സ നിഷേധിച്ചതായുള്ള വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്. മൂന്നിടങ്ങളില്‍ ക്യാമ്പ്‌ തുറന്നു. ചെമ്പനോട, ചെറുവണ്ണൂര്‍, പന്തിരിക്കര എന്നിവിടങ്ങളിലാണ് ആരോഗ്യ സംഘം ക്യാമ്പ്‌ തുറന്നതെന്നും മന്ത്രി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!