KOYILANDY DIARY

The Perfect News Portal

നിപ വൈറസ്: ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്:  പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. രോഗികളെ പരിചരിച്ച താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു കൊടുക്കാതെ ആരോഗ്യ വകുപ്പ് നേരിട്ട് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇതോടെ കോഴിക്കോട് മാത്രം പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒമ്ബതായി. ഇതില്‍ ഏഴ് പേര്‍ മരിച്ചത് നിപ വൈറസ് ലക്ഷണങ്ങളോടെയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മലപ്പുറത്ത് മരിച്ച നാലുപേരുടെ സ്രവങ്ങള്‍ കൂടി വിദഗ്ധ പരിശോധനയ്ക്കയച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികളെ പരിചരിച്ച ലിനി എന്ന നഴ്‌സാണ് മരിച്ചത്. ചെറിയ രണ്ട് കുട്ടികളാണ് ഇവരുടെ വീട്ടിലുള്ളത്. ഭര്‍ത്താവാണെങ്കില്‍ വിദേശത്തുമാണ്. രോഗം പടരാനുള്ള സാധ്യത തടയാനാണ് ആരോഗ്യ വകുപ്പ് മൃതദേഹം നേരിട്ട് വൈദ്യുത ശ്മശാനത്തില്‍ എത്തിച്ച്‌ സംസ്‌കരിച്ചത്.

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം നേരിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ എന്‍സിഡിസി ഡയറക്ടര്‍ക്ക് കോഴിക്കോട് സന്ദര്‍ശിക്കാന്‍ കേന്ദ്ര മന്ത്രി ജെ പി നഡ്ഡ നിര്‍ദ്ദേശം നല്‍കി. സ്ഥിതി വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രിയുട നേതൃത്വത്തില്‍ അവലോകന യോഗം ഇന്നു രാവിലെ ഒമ്ബത് മണിക്ക് കോഴിക്കോട്ട് ചേരും. വൈറസ് ബാധ നേരിടുന്നതിനുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനമുണ്ടാകും.

Advertisements

കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയില്‍ രണ്ടുപേര്‍ പനി ബാധിച്ചു മരിച്ചത് നിപ വൈറസ് കാരണമാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച്‌ സെന്റര്‍, പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിപയുടെ സാന്നിധ്യം ഉറപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിത അറിയിച്ചിരുന്നു.

സ്ഥിതിവിലയിരുത്താന്‍ വിദഗ്ധരടങ്ങിയ കേന്ദ്രസംഘം തിങ്കളാഴ്ച കോഴിക്കോട്ടെത്തും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മറ്റ് പരിപാടികള്‍ റദ്ദാക്കി കോഴിക്കോട് ക്യാമ്ബ് ചെയ്യും. മരിച്ച സാലിഹ്(26), പിതൃസഹോദരനായ മൊയ്തുഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(50), ചികിത്സയില്‍ കഴിയുന്ന കുടുംബാംഗം എന്നിവരിലാണ് നിപ സ്ഥിരീകരിച്ചത്. സാലിഹിന്റെ സഹോദരന്‍ സാബിത്തിന്റെ(23) മരണത്തിന് കാരണമായതും ഇതേ വൈറസ് തന്നെയെന്നാണ് പ്രാഥമിക നിഗമനം. വവ്വാല്‍ കടിച്ച മാമ്ബഴം കഴിച്ചതിനെത്തുടര്‍ന്നാണ് വൈറസ് പകര്‍ന്നതെന്നാണ് കരുതുന്നത്.

ലക്ഷണങ്ങള്‍
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം

മുന്‍കരുതല്‍
രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കണം. കൈ സോപ്പുപയോഗിച്ച്‌ ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.

പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം.

സംസ്ഥാനത്ത് അതിജാഗ്രത

തിരുവനന്തപുരം: കോഴിക്കോട്ട് വൈറസ്ബാധ മൂലമുള്ള പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രതാ നിര്‍ദേശം നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അതത് ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *