കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് അന്തരിച്ചു
മൈസൂരു: കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചിക്ക്മംഗലൂരുവിലായിരുന്നു അന്ത്യം. ചിക്കമംഗലൂരുവിലെ കൊപ്പയിലെ സഹകരണ ഗതാഗത ശൃംഖലയുടെ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാത്രി 10:30നാണ് മന്ത്രി ചിക്കമംഗലൂരുവിലെ സെറായി റിസോര്‍ട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടര ആയിട്ടും അദ്ദേഹം പുറത്തേക്ക് വരാത്തതിനെത്തുടര്‍ന്ന് ഗണ്‍മാനും പേഴ്സണല്‍ സ്റ്റാഫുമെത്തി മുറി തുറന്നപ്പോളാണ് മന്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മൈസൂരുവിലേക്ക് കൊണ്ടുപോയതിന് ശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ ഗുണ്ഡ്ലുപേട്ടിലേക്ക് കൊണ്ടുപോകുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.