KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; തുണയായി ഭർതൃമാതാവ്

.

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കൊല്ലഗൽ ദേശീയപാതയിലെ അമ്പായത്തോടിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽവെച്ചാണ് യുവതി പ്രസവിച്ചത്. പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പിൽ ഷഹനാദിന്റെ ഭാര്യ വിപ (20) യാണ് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

 

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച രാവിലെ ഗൈനക്കോളജിവിഭാഗം ഡോക്ടറെ കാണിക്കുകയും അടുത്ത ശനിയാഴ്ചത്തേക്ക് വരാൻ നിർദേശിച്ചയയ്ക്കുകയും ചെയ്ത യുവതിയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക്‌ ഓട്ടോയിൽവെച്ച് പ്രസവിച്ചത്. വിപയുടെ രണ്ടാമത്തെ പ്രസവമാണിത്. യുവതിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന ഭർതൃമാതാവ് റജീന നവജാത ശിശുവിനെ നൈറ്റിയിൽ പൊതിഞ്ഞ് ഭദ്രമായി ചേർത്തു പിടിക്കുകയായിരുന്നു.

 

ആശുപത്രിയിലെത്തിച്ചശേഷം നഴ്‌സുമാർ ഓട്ടോയിൽവെച്ചുതന്നെ പൊക്കിൾക്കൊടി അറത്തുമാറ്റിയശേഷമാണ് കുഞ്ഞിനെയും അമ്മയെയും ലേബർറൂമിലേക്ക് കയറ്റിയത്. അടിയന്തരവൈദ്യസഹായം നൽകി നില മെച്ചപ്പെട്ടശേഷം ഇരുവരെയും വാർഡിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share news
error: Content is protected !!