KOYILANDY DIARY

The Perfect News Portal

19ലേറെ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം വിടപറയുന്നത്

19ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകിലവിടപറയുന്നത്. ഈ ഘടികാരം ഇത്രപെട്ടന്ന് നിലച്ചുവോ എന്ന് ഒരു നിമിഷം ആരാധകര്‍ക്ക് സംശയം തോന്നിയിട്ടുണ്ടാകാം. അനശ്വര ഗായികയാണ് എന്നും ദക്ഷിണേന്ത്യയുടെ വാണി ജയറാം. അനശ്വരമായ ശബ്ദമാധുര്യം കൊണ്ട് സംഗീത ലോകത്ത് തന്റെ അവസാന കാലം വരെ നിറഞ്ഞുനിന്ന ഗായിക. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വാണി ജയറാം പാടി ഹൃദയത്തില്‍ പതിപ്പിച്ച പാട്ടുകള്‍ അനവധി.. 2013ല്‍ പുറത്തിറങ്ങിയ, ജയചന്ദ്രന്‍ മാസ്റ്റര്‍ക്കൊപ്പം വാണിയമ്മ പാടിയ ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനം തലമുറ വ്യത്യാസമില്ലാതെ മലയാളികള്‍ പാടി.

മലയാളത്തില്‍ ഒഎന്‍വിയുടെയും വയലാറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയുമൊക്കെ പ്രണയാര്‍ദ്ര വരികള്‍ക്ക് പിന്നിലെ ശബ്ദമാധുര്യം വാണി ജയറാം ആയിരുന്നു. സൗരയൂഥത്തില്‍ വിടര്‍ന്നൊരു, ചിത്ര വര്‍ണ പുഷ്പജാലമൊരുക്കി, പത്മതീര്‍ത്ഥക്കരയില്‍, കാമിനിമാര്‍ക്കുള്ളില്‍, കല്യാണമാലയിട്ട തമിഴമ്മാ, വിജനമീ വീഥി, നാടന്‍പാട്ടിലെ മൈനേ, ആയില്യംപാടത്തെ പെണ്ണേ, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപുലരിതന്‍, പൂക്കള്‍ പനിനീര്‍ പൂക്കള്‍, മനസില്‍ മടിയിലെ, മാനത്തേ മാരിക്കുറുമ്പേ തുടങ്ങി വാണിയമ്മ പാടിപ്പാടി അനശ്വരമാക്കി തീര്‍ത്ത മലയാള ഗാനങ്ങള്‍ക്ക് എണ്ണമില്ല…

1945 നവംബര്‍ 30 നു തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ദുരൈസ്വാമി-പദ്മാവതി ദമ്പതികളുടെ മകളായി ജനനം. കലൈവാണി എന്നാണ് യഥാര്‍ത്ഥ പേര്. അമ്മയില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. അഞ്ചാം വയസ്സ് മുതല്‍ സംഗീത പഠനം തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍ ആയിരുന്നു ആദ്യ ഗുരു. എട്ടു വയസായപ്പോള്‍ ആകാശവാണി മദിരാശി നിലയത്തില്‍ പാടിത്തുടങ്ങി.

Advertisements

1971-ല്‍ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ ആയിരുന്നു വാണി ജയറാമിന് പ്രശസ്തിനേടിക്കൊടുത്ത ആദ്യ ഗാനം. അന്ന് ഇന്ത്യ മുഴുവന്‍ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വര്‍ഷങ്ങളോളം ആ ശബ്ദം സിനിമാ ഗാനരംഗത്ത് മിഴിവോടെ നിറഞ്ഞുനിന്നു. സലീല്‍ ചൗധരിയാണ് വാണി വിശ്വനാഥിനെ മലയാള ഗാനരംഗത്തേക്ക് കൊണ്ടുവരുന്നത്.

അപൂര്‍വരാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലേയും ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണി ജയറാമിന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തത്. തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, ഒറീസ സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച പിന്നണി ഗായിക പുരസ്‌കാരങ്ങളും വാണിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയാണ് വാണി ജയറാമിനെ തേടിയത്തിയത്. അവസാനനാളില്‍ പത്മഭൂഷണും ഈ അനശ്വര ഗായികയെ തേടിയെത്തി.