KOYILANDY DIARY

The Perfect News Portal

ഹോമിയോ ആശുപത്രിയുടെ പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നു

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെ പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നു.. 1 കോടി 12 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. 2019ൽ നവംബർ മാസത്തിലാണ് അന്നത്തെ എം.എൽ.എ. കെ. ദാസൻ്റെ അധ്യക്ഷതയിൽ എക്സൈസ് വകുപ്പ്  മന്ത്രി ടി. പി രാമകൃഷ്ണനാണ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. തുടർന്ന് വന്ന കോവിഡിൻ്റെയും പ്രളയത്തിൻ്റെയും പാശ്ചാത്തലത്തിൽ നിർമ്മാണം തുടങ്ങുന്നത് വൈകുകയായിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നാലും അഞ്ചും തൊഴിലാളികളെ വെച്ചാണ് പ്രവൃത്തി നടക്കുനനത്. പൈലിംഗ് പ്രവൃത്തി ഇനിയും പൂർത്തിയാക്കാനുണ്ട്. ഒരു ഭാഗത്ത് പില്ലറിൻ്റെ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും എവിടെയും എത്താത്ത സ്ഥിതിയാണുള്ളത്. എണ്ണത്തിൽ കുറഞ്ഞ തൊഴിലാളികളെ ഉപയോഗിച്ച് അടിസ്ഥാന സൌകര്യങ്ങളില്ലാതെ മുന്നോട്ട് പോയാൽ സമീപകാലത്തൊന്നും കെട്ടിടം ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ തുറന്ന് കൊടുക്കാൻ കഴിയില്ലെന്ന് ഇവിടുത്തെ ജീവനക്കാരും പറയുന്നു. വേഗത്തിൽ പണി പൂർത്തിയാക്കാൻ നഗരസഭാധികൃതരും എം.എൽ.എ.യും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നിലവിലുള്ള കെട്ടിടത്തിൽ രോഗികൾക്ക് മുകളിലേക്ക് പ്രവേശിക്കാനുള്ള റാംബ് സൌകര്യങ്ങൾ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മറ്റ് അസൌകര്യങ്ങളും ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. കേന്ദ്ര സർക്കാറിന്റെ എൻ.എ.എം. പദ്ധതി പ്രകാരം 75 ലക്ഷം രൂപയും, നഗരസഭ ഫണ്ടിൽ നിന്നും 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്.

Advertisements

പുതിയ കെട്ടിടത്തിൽ ഒ.പി. ബ്ലോക്ക് പാലിയേറ്റീവ് വിഭാഗം എന്നിവയാണ് പ്രവർത്തിക്കുക. ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എൽ. ആണ് നിർമ്മാണം ഏറ്റെടുത്തത്. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനടുത്ത് തന്നെയാണ് പുതിയ ബ്ലോക്ക് നിർമ്മാണം ആരംഭിച്ചത്.