KOYILANDY DIARY.COM

The Perfect News Portal

ഒരു മാസം പിന്നിട്ടിട്ടും കള്ളാടിയിലെ മണ്ണ് നീക്കിയില്ല; ഗുരുതര അനാസ്ഥ

.

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും അപകടസ്ഥലത്തെ മൺകൂന നീക്കം ചെയ്യാതെ ഗുരുതര അനാസ്ഥ. ജൂലൈ 7നാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ എട്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. മണ്ണിടിച്ചിലിൽ റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും ചെളിയും മാത്രമാണ് ഇതുവരെ നീക്കിയത്. അതും റോഡിന് സമീപത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്.

 

നിലവിൽ പ്രദേശത്തെ മൺകൂന കനത്ത അപകടനിലയിലാണ് തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കൂടിക്കിടന്ന മൺകൂനകൾ നീക്കാതിരുന്നതാണ് തുരങ്കപാത നിർമാണസ്ഥലത്തുണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്‌തി വർധിപ്പിച്ചത്‌. മീനാക്ഷി പാലത്തിന് സമീപം അടിഞ്ഞുകൂടിയ കൂറ്റൻ മൺകൂന മൂന്ന് ദിവസത്തിനുള്ളിൽ നീക്കം ചെയ്യും എന്നാണ് മന്ത്രി ടി സിദ്ദിഖ് അന്ന് പറഞ്ഞത്. എന്നാൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം ഇതുവരെ നടപടിയുണ്ടായിട്ടില്ല.

 

പാലത്തിനടുത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി തയാറായില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പൊതുമരാമത്ത് വകുപ്പിനും കരാർ കമ്പനിക്കും ഗുരുതര വീഴ്ചയുണ്ട്‌. കമ്പനി വ്യവസ്ഥകൾ പാലിച്ചോയെന്ന് വകുപ്പ് പരിശോധിച്ചില്ല.

 

കമ്പനിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി വേണം. സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ തുരങ്കപാത നിർമാണം നിർത്തിവെയ്‌ക്കണം. മനുഷ്യനിർമിതമായ ഒരു ലക്ഷം ക്യുബിക് മീറ്റർ മൺകൂനയാണ് തകർന്നൊലിച്ചത്. പ്രശ്നം മുൻകൂട്ടി അറിയിച്ചെങ്കിലും പരിസ്ഥിതി അനുമതിയുടെ പേരിൽ സംസ്ഥാന അതോറിറ്റി ഫയൽ മടക്കി. ഇത്‌ നിയമ ലംഘനമാണ്.

 

ദുരന്ത സാധ്യതയുള്ള ഏത് നിർമാണവും പരിശോധിക്കാൻ അധികാരമുണ്ടെന്നിരിക്കെ ഒഴിഞ്ഞുമാറി. മൺകൂന മാറ്റാതിരുന്നതിൽ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും അമിക്കസ്‌ ക്യൂറി ശുപാർശ ചെയ്തു. നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ സ്ഥലം നിശ്ചയിച്ചിരുന്നെങ്കിലും കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ അത് പാലിച്ചില്ല. തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കിയില്ല. പൊതുമരാമത്തുവകുപ്പുമായിട്ടാണ് പദ്ധതിയുടെ കരാർ. വ്യവസ്ഥകൾ പാലിച്ചോയെന്ന് പരിശോധിക്കേണ്ടതും വകുപ്പാണ്. പരിസ്ഥിതിലോലപ്രദേശത്ത്  കരാർ നൽകുമ്പോൾ പരിശോധന അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Share news
error: Content is protected !!