KOYILANDY DIARY

The Perfect News Portal

മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം

കൊല്ലം: മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം. വെള്ളി രാവിലെ കെ. വി പീതാംബരൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ഹാൾ) സംസ്ഥാന പ്രസിഡണ്ട് എ സഫറുള്ള പതാക ഉയർത്തി. സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ സമ്മേളനം ഉദ്ഘാടനംചെയ്‌തു.

അനുബന്ധ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ഹാർബർ ടു മാർക്കറ്റ്‌ പദ്ധതി നടപ്പാക്കണമെന്ന്‌ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഹാർബറുകളിൽനിന്ന്‌ നേരിട്ട്‌ മത്സ്യംവാങ്ങി മാർക്കറ്റിലേക്ക്‌ എത്തിക്കാൻ നടപടി സ്വീകരിക്കണം. അതുവഴി ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന്‌ മുക്തരാകാനും തൊഴിലാളികൾക്ക്‌ ന്യായവിലയ്‌ക്ക്‌ മത്സ്യം കിട്ടാനും കഴിയുന്നതിനൊപ്പം ഗുണഭോക്താക്കൾക്ക്‌ നല്ല മീൻ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കാനും കഴിയും. അതിന്‌ എല്ലാ ജില്ലയിലും അനുബന്ധ തൊഴിലാളികൾക്കായി സഹകരണ പ്രസ്ഥാനം ഒരുക്കി മത്സ്യഫെഡിൽ അഫിലിയേറ്റ്‌ ചെയ്‌ത്‌ പലിശരഹിത വായ്‌പ ഉറപ്പാക്കണമെന്ന്‌ അവർ പറഞ്ഞു.

സംഘാടകസമിതി കൺവീനർ മത്യാസ്‌ അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. എ സഫറുള്ള അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംഘാടകസമിതി ചെയർമാൻ എസ്‌ ജയമോഹൻ, എഐഎഫ്എഫ്ഡബ്ല്യുഎഫ്‌  ട്രഷറർ ജി മമത, പി പി ചിത്തരഞ്ജൻ എംഎൽഎ, ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കൂട്ടായി ബഷീർ, ഫെഡറേഷൻ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌, മത്സ്യഫെഡ്‌ ചെയർമാൻ ടി മനോഹരൻ എന്നിവർ സംസാരിച്ചു.

Advertisements

സി ഡി അശോകൻ, അബ്ബാസ്‌ പറവണ്ണ  നഗറിൽ (ജില്ലാ പഞ്ചായത്ത്‌ ഹാൾ) നടന്ന ‘മത്സ്യമേഖലയിലെ പ്രതിസന്ധികളും അനുബന്ധ തൊഴിലാളികളും’ സെമിനാർ മന്ത്രി വി അബ്ദുറഹുമാൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പ്ലാനിങ് ബോർഡ് ചീഫ് എസ് എസ് നാഗേഷ് വിഷയം അവതരിപ്പിച്ചു. ജെ മേഴ്‌സിക്കുട്ടിഅമ്മ മോഡറേറ്ററായി. കൂട്ടായി ബഷീർ, ടി മനോഹരൻ എന്നിവർ സംസാരിച്ചു. മത്യാസ്‌ അഗസ്റ്റിൻ സ്വാഗതവും യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പീരുമുഹമ്മദ്‌ നന്ദിയും പറഞ്ഞു. ശനിയാഴ്ച സമ്മേളനം സമാപിക്കും. 240 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.