KOYILANDY DIARY

The Perfect News Portal

സൈബർ ആക്രമണത്തെക്കുറിച്ച്‌ തുടക്കത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; കെ കെ ശൈലജ

തലശേരി: സൈബർ ആക്രമണത്തെക്കുറിച്ച്‌ തുടക്കത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥി കെ കെ ശൈലജ. തെളിവുസഹിതമാണ്‌ പരാതി നൽകിയത്‌. ഇനിയും തെളിവ്‌ ആവശ്യമുണ്ടെങ്കിൽ നൽകും. രാഷ്ട്രീയം ചർച്ചചെയ്യാനില്ലാത്തവരാണ്‌ സൈബറിടത്തിൽ ആക്ഷേപിക്കുന്നത്‌. വ്യക്തിപരമായി അധിക്ഷേപിക്കാൻ വൃത്തികെട്ട മാർഗമാണവർ സ്വീകരിച്ചത്‌. ഇതിന്‌ ജനങ്ങൾ മറുപടി നൽകുമെന്നും തലശേരി പ്രസ്‌ഫോറം ‘മുഖാമുഖ’ത്തിൽ ശൈലജ പറഞ്ഞു. 

മാതൃഭൂമിയുടെ ഓൺലൈൻ പേജ്‌ കൃത്രിമമായി സൃഷ്ടിച്ചാണ്‌ പറയാത്ത വാർത്ത പ്രചരിപ്പിച്ചത്‌. അത്‌ വ്യാജമാണെന്ന്‌ മാതൃഭൂമി അധികൃതർ തന്നെ പറഞ്ഞു. പത്രത്തിന്റെ ഓൺലെൻ പേജ്‌ വ്യാജമായി സൃഷ്ടിച്ചതിൽ പ്രസ്‌ ക്ലബ്ബുകൾ  ഉൾപ്പെടെ ആരും പ്രതിഷേധിച്ചില്ല. സ്ഥാനാർത്ഥികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണമായി ഇതിനെ ചിത്രീകരിക്കുകയാണ്‌ ചില മാധ്യമങ്ങൾ. മാധ്യമപ്രവർത്തനം ധാർമികമായിരിക്കണം. തനിക്കെതിരെ അധാർമികമായ കാര്യങ്ങൾ ചെയ്‌തത്‌ ശരിയല്ലെന്നുപറയുന്നതിനുപകരം, ബാലൻസ്‌ ചെയ്യാനാണ്‌ ചിലർ ശ്രമിച്ചത്‌.

 

തന്റെ രാഷ്ട്രീയ ധാർമികതയെയും വിശ്വാസ്യതയെയുമാണ്‌  ചോദ്യംചെയ്‌തത്‌. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം അവർക്കുതന്നെ തിരിച്ചടിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ജനങ്ങൾക്ക്‌ ജീവന്മരണ പോരാട്ടമാണ്‌. രാജ്യത്തിന്റെ നിലനിൽപ്പിന്റെയും വികസനത്തിന്റെയും വിഷയങ്ങളാണ്‌ നാട്‌ ചർച്ച ചെയ്യുന്നത്‌. ഇത്‌ പ്രാധാന്യത്തിൽ നൽകുന്നതിനുപകരം സെൻസേഷണൽ വിഷയങ്ങൾക്കു  പിറകെയാണ്‌ മാധ്യമങ്ങൾ നീങ്ങുന്നതെന്നും ശൈലജ പറഞ്ഞു.

Advertisements