KOYILANDY DIARY

The Perfect News Portal

ഇഡി വേട്ട ഒഴിവാക്കാൽ ഇലക്ടറൽ ബോണ്ട് നൽകിയാൽ മതി: യെച്ചൂരി

കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയൊരുക്കുന്നതിനാണ് ഇലക്ട‌റൽ ബോണ്ട് നടപ്പാക്കിയതെന്നും വലിയ രാഷ്ട്രീയ അഴിമതിയാണിതെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനം ‘സീറോ ഗ്യാരൻ്റി’യായി. ബോണ്ട് നൽകുന്ന കുത്തക കമ്പനികൾക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതിക്കൊടുക്കും. അല്ലാത്തവരെ ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് വേട്ടയാടും- തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്‌ത്‌കൊണ്ട് യെച്ചൂരി പറഞ്ഞു.
ഇലക്ടറൽ ബോണ്ടിനെ ആദ്യംമുതൽ എതിർത്തത് സിപിഐ എം മാത്രമാണ്. ബിജെപിയും കോൺഗ്രസും അതിൻ്റെ ഗുണഭോക്താക്കളായി. ബിജെപിക്കെതിരെ ആശയപരമായ പോരാട്ടം നടത്താൻ കോൺഗ്രസിന് ശക്തിയില്ല. അവരുടെ വർഗീയ അജൻഡയ്ക്കെതിരെ സ്ഥിരതയോടെ പോരാടാൻ കരുത്തുള്ളത് ഇടതുപക്ഷത്തിനാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർത്തതും ഇടതുപക്ഷമാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ മൗനം പാലിച്ചു. ഭരണഘടനാ തത്വങ്ങളെ ഇല്ലാതാക്കുന്ന നീക്കങ്ങൾ രാജ്യത്തുണ്ടായപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. മതേരത്വം, ജനാധിപത്യം, ഫെഡറലിസം എന്നിവ തകർക്കുകയാണ് ബിജെപിയുടേയും ആർഎസ്എസിൻ്റെയും ലക്ഷ്യം. അവർ വീണ്ടും അധികാരത്തിലെത്തുന്നത് ഭരണഘടനയുടെ നിലനിൽപ്പിന് ഭീഷണിയാണ്.
കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും ഇന്ത്യയുടെ ഭാവിയല്ല വലുത്. അവർ സിപിഐ എമ്മിനെയും സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ആക്രമിക്കുന്ന തിരക്കിലാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്ത് എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. അറസ്റ്റ്, ജയിൽ എന്നിവയെ ഭയക്കുന്നവരല്ല ഇടതുപക്ഷം. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവരാണ്. ഇന്ത്യയെ ഹിന്ദുത്വ, ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാതിരിക്കാൻ പാർലമെൻ്റിൽ ഇടതുപക്ഷത്തിൻ്റെ കരുത്ത് വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.