KOYILANDY DIARY

The Perfect News Portal

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2024 ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2024 ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനംവകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍. നിര്‍മാണപ്രവൃത്തികള്‍  പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. ശേഷിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.  പാര്‍ക്ക് സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും ഇന്ത്യയിലുമുള്ള  പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, രാത്രി സഞ്ചാരികള്‍ എന്നിവയെ ജൂലൈ മാസം മുതല്‍ പാര്‍ക്കില്‍ എത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. സൂ അതോറിറ്റി ഓഫ്  ഇന്ത്യയുടെ അനുമതിയോടെ വിദേശ മൃഗങ്ങളെ കൊണ്ടുവരുന്നതിനും പാര്‍ക്കില്‍ യാത്രക്ക് 30 ട്രാം സജ്ജമാക്കുന്നതിനും താല്‍പര്യ പത്രം ക്ഷണിച്ചതില്‍  നിരവധിപേര്‍ സന്നദ്ധരായി. ജൂണ്‍ 30നുശേഷം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.

Advertisements

കിഫ്ബിയില്‍ നിന്നും 269.75 കോടിയും പ്ലാന്‍ഫണ്ടില്‍ നിന്ന് 40 കോടിയും ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മാണം ആരംഭിച്ചത്. ഇപ്പോള്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആറു കോടി കൂടി അനുവദിച്ചു. 210 കോടിയുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി. ആ  ബില്ലുകള്‍ക്ക് പണം അനുവദിച്ചു.  ഇത് ചരിത്രമാണ്. മറ്റു പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് കിഫ്ബി ഫണ്ട് അനുവദിക്കും.  പുത്തൂര്‍ റോഡ് വികസിപ്പിക്കുന്നതിന് 25 കോടി സര്‍ക്കാര്‍ അനുവദിച്ചു. പുത്തൂരില്‍ രണ്ടാം പാലത്തിന് 10 കോടിയും അനുവദിച്ചു.

Advertisements

കിഫ്ബി സഹായത്തോടെ പാര്‍ക്കിലേക്ക് ഡിസൈന്‍ റോഡ് നിര്‍മിക്കാനും പദ്ധതിയുണ്ട്. പക്ഷി മൃഗാദികളുടെ ആവാസവ്യവസ്ഥകള്‍ക്കു പുറമെ മൃഗ ആശുപത്രി കിടത്തി ചികിസ്ത വിഭാഗം, പോസ്റ്റുമോര്‍ട്ടം വിഭാഗം, ക്രിമിറ്റോറിയം എന്നിവയെല്ലാം പൂര്‍ത്തിയായി. മണലി പുഴയില്‍നിന്ന് ജല ലഭ്യത ഉറപ്പാക്കി. മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു. ജലപുനരുപയോഗ സംവിധാനവും ഒരുക്കി. നടപ്പാതക്കു മുകളില്‍ സോളാര്‍ സ്ഥാപിച്ച്  സൗരോര്‍ജം ഉല്‍പാദിപ്പിക്കും. മൂന്നാം ഘട്ടത്തിലേക്കുള്ള നിര്‍മാണവും സമാന്തരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുവോളജിക്കല്‍ പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍  കെ കെ വര്‍ഗീസ്, ഡയറക്ടര്‍ കെ  കീര്‍ത്തി,  സിസിഎഫ് കെ ആര്‍ അനൂപ്, സിപിഡബ്യുഡി ഇഇ ഷഷ്വത് ഗൗര്‍, കോര്‍പറേഷന്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പമുണ്ടായി.