KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് 1.76 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറത്ത് 1.76 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. എടപ്പാൾ കോലൊളമ്പ് സ്വദേശിയായ അഫ്സലിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചൊവ്വാഴ്ച രാവിലെയോടെ കുഴൽപ്പണവുമായി എത്തിയ അഫ്സൽ പിടിയിലായത്.

കാറിൻ്റെ പിൻസീറ്റിനടിയിലെ രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വളാഞ്ചേരി എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യഅറയിൽ ഒളിപ്പിച്ച പണം കണ്ടെത്തിയത്.
കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ സിദ്ധിഖ് ആണ് അഫ്സലിന് പണവും വാഹനവും കൈമാറിയതെന്നാണ് പോലീസ് നൽകുന്ന വിവരം. സഹോദരനായ കരീമിൻ്റെ നിർദേശപ്രകാരമാണ് സിദ്ധിഖ് കഴിഞ്ഞദിവസം രാത്രി പണവും വാഹനവും അഫ്സലിന് എത്തിച്ചു നൽകിയത്. കസ്റ്റഡിയിലെടുത്ത വാഹനം സിദ്ദിഖിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണവും വാഹനവും തിരൂർ ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.