KOYILANDY DIARY

The Perfect News Portal

കോടിയേരിയുടെ മൃതദേഹത്തിന് അടുത്ത് നിന്ന് മാറാതെ പിണറായി വിജയൻ

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരത്തിന് അരികെ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം മുതൽ തന്നെ മുഖ്യമന്ത്രി തലശേരി ടൗൺ ഹാളിലുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹം കോടിയേരിയുടെ മൃതദേഹത്തിന് അരികെ തന്നെ തുടരുകയാണ്. എം.എ ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പിണറായിക്ക് സമീപത്തുണ്ട്.

സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് പിണറായി ഫെയ്സ്ബുക്കിൽ കുറിച്ചത്. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ. അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ.

 

പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകൾ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു.

Advertisements

 

അസുഖം തളർത്തിയ ഘട്ടത്തിലും ഏതാനും നാൾ മുമ്പ് വരെ പാർട്ടി ഓഫീസ്സായ എ.കെ.ജി. സെൻ്ററിൽ എത്തി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും പാർട്ടിയുടെ നയപരവും സംഘടനാപരവുമായ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു. ശരീരികമായ കടുത്ത വൈഷമ്യങ്ങൾ സഹിച്ചും അതിജീവിച്ചും പാർട്ടിക്കുവേണ്ടി സഖാവ് സ്വയം അർപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി അനുസ്മരിച്ചു.

 

അസാധാരണമായ മനക്കരുത്തോടെയാണ് ആദ്യഘട്ടം മുതലേ കോടിയേരി രോഗത്തെ നേരിട്ടത്. ‘കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു’ എന്നാണ് വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിനു മറുപടിയായി രോഗത്തെക്കുറിച്ച് പറഞ്ഞത്. ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു സഖാവിൻ്റെ രീതി. രോഗത്തിനു മുമ്പിലും രാഷ്ട്രീയ വെല്ലുവിളിയുടെ മുമ്പിലും ഒരുപോലെ നെഞ്ചു വിരിച്ചു പൊരുതിയ ജീവിതമാണ് കോടിയേരിയുടേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

 

കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരത്തില്‍ വി എസ് അച്യുതാനന്ദന് വേണ്ടി മകന്‍ അരുണ്‍ റീത്ത് സമര്‍പ്പിച്ചു. കോടിയേരിയുടെ മരണവാര്‍ത്തയോട് ഏറെ വൈകാരികമായാണ് വി എസ് പ്രതികരിച്ചതെന്ന് മകന്‍ അരുണ്‍ അറിയിച്ചിരുന്നു. നേരിട്ടെത്താന്‍ സാധിച്ചില്ലെങ്കിലും മകനിലൂടെ കോടിയേരിക്ക് വി എസ് ആദരമര്‍പ്പിക്കുന്ന കാഴ്ച ഏറെ വൈകാരികമായാണ് തലശേരിയില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ഉള്‍ക്കൊണ്ടത്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകള്‍ നനഞ്ഞുവെന്നും അനുശോചനം അറിയിക്കണം എന്നു മാത്രമേ അച്ഛന്‍ പറഞ്ഞുള്ളൂവെന്നും വി.എ അരുണ്‍കുമാര്‍ പ്രതികരിച്ചിരുന്നു.

 

ഉച്ചയ്ക്ക് 12.54 ഓട് കൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍മൃതദേഹം ഏറ്റുവാങ്ങി. തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. തുടര്‍ന്ന് 3.15ഓടെ മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ എത്തിക്കുകയായിരുന്നു. രാത്രി പത്ത് വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തലശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.