ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ; തീരത്ത് ഇനി വറുതിയുടെ ദിനങ്ങൾ
.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ഇനി ജൂലൈ 31 വരെ യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങില്ല. മത്സ്യ-അനുബന്ധ മേഖലയിൽ ഇനി വറുതിയുടെ ദിനങ്ങൾ. മത്സ്യത്തൊഴിലാളികൾക്കൊപ്പം ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികൾക്കും ദുരിതകാലം. നിരോധന കാലയളവിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കടൽരക്ഷാ പ്രവർത്തനങ്ങൾക്കുമായി ജില്ലയിൽ എല്ലായിടത്തും പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകളെല്ലാം തീരം വിട്ടു. കടുത്ത മത്സ്യക്ഷാമവും കാലാവസ്ഥ വ്യതിയാനവും കാരണം ജില്ലയിൽ പ്രാദേശിക ബോട്ടുകളിൽ വലിയൊരുവിഭാഗം ഇത്തവണ വളരെ നേരത്തെ കരപറ്റിയിട്ടുണ്ട്. ഇവ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി നങ്കൂരമിട്ടു. അവശേഷിക്കുന്നവയും വൈകാതെ മാറ്റും. ആഴക്കടൽ മീൻപിടിത്തത്തിലേർപ്പെടുന്ന ചുരുക്കം ചില ബോട്ടുകൾ അടുത്തദിവസങ്ങളിൽ തിരികെയെത്തും.

നിരോധനം ലംഘിക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കും നിയമം ലംഘിച്ചുപോകുന്ന വള്ളങ്ങൾക്കെതിരായും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്ലാ സുരക്ഷാ സംവിധാനങ്ങളും ജില്ലയിൽ ഉറപ്പാക്കിയതായും ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, വെള്ളയിൽ, കൊയിലാണ്ടി, ചോമ്പാൽ എന്നിവിടങ്ങളിലാണ് ട്രോളിങ് നിരോധവുമായി ബന്ധപ്പെട്ട് നിരീക്ഷണവും കടൽ രക്ഷാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിരിക്കുന്നത്.

ഈ നാലിടങ്ങളിൽ മൂന്നിടത്തും കടൽ രക്ഷ പ്രവർത്തനങ്ങൾക്ക് രക്ഷാബോട്ടും ചോമ്പാലിൽ തോണിയും പ്രത്യേക ഗാർഡുകളെയും നിയോഗിച്ചു. ബേപ്പൂർ ഹാർബറിൽ ഫിഷറീസ് വകുപ്പിന്റെ “കാരുണ്യ” മറൈൻ ആംബുലൻസ് നിശ്ചലമാണെങ്കിലും ഇതു വൈദ്യസഹായത്തിനായി ഉപയോഗപ്പെടുത്താൻ ആലോചനയുണ്ട്.



