KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത വികസനം: വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണം – സിപിഐ

.
കൊയിലാണ്ടി ദേശീയപാത 66 ൻ്റെ പണി പുരോഗമിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഒറ്റ മഴയിൽ തന്നെ പൊയിൽക്കാവ്, ചെങ്ങോട്ടുകാവ്, മൂടാടി, നന്തി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൻതോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയപാത 66ന് ഇരുഭാഗത്തുമുള്ള വീടുകളിലേക്ക് വെള്ളം കയറി.  കാലവർഷം കനക്കുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ജനജീവിതം ദുസഹമായി തീരുകയും ചെയ്യും.
.
.
ശാസ്ത്രീയമായ ഓവുചാലുകൾ നിർമിക്കാത്ത പക്ഷം നന്തി ടൗൺ ആകെ വെള്ളത്തിലാകും. കാൽനടക്കാർക്കും ചെറു വാഹനങ്ങൾക്കും യാത്ര ചെയ്യാനാവാത്ത അവസ്ഥ ഉണ്ടാകും. കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥ ഉണ്ടാകും. ജൂൺ ആദ്യവാരത്തിൽ സ്കൂളുകൾ തുറക്കുന്നതോടുകൂടി സ്കൂളുകളിലേക്കും തിരിച്ച് വീടുകളിലേക്കും യാത്രചെയ്യേണ്ടുന്ന വിദ്യാർത്ഥികൾ തീരാ ദുരിതത്തിൽ അകപ്പെടും. ദേശീയപാത 66 നോട് അനുബന്ധിച്ച് നിർമ്മിച്ചിട്ടുള്ള സർവീസ് റോഡുകൾക്ക് പലയിടങ്ങളിലും വളരെ വീതി കുറവാണ്.
.
.
വലിയ വാഹനങ്ങൾ അനുബന്ധമായി നിർമ്മിച്ച ഓവുചാലുകളുടെ സ്ലാബുകളിൽ കൂടി യാത്ര ചെയ്യുന്നതിനാൽ സ്ലാബുകൾ പലയിടങ്ങളിലും തകർന്ന നിലയിലാണ്. ഇത് മിക്ക ദിവസങ്ങളിലും ഗതാഗത തടസ്സം ഉണ്ടാക്കുന്നു. ഓവുചാലുകൾ ശാസ്ത്രീയമായി നിർമ്മിച്ച് വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കണം. യോഗത്തിൽ എൻ വി എം സത്യൻ അധ്യക്ഷത വഹിച്ചു. സിപിഐ  ജില്ലാ എക്സിക്യൂട്ടീവ് ഇ കെ അജിത്ത്, ജില്ലാ കൗൺസിൽ അംഗം കെ ടി കല്യാണി ടീച്ചർ, മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!