KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് അപകടത്തിൽപ്പെട്ട കാറിൽനിന്ന് എംഡിഎംഎ പിടികൂടി

.

കോഴിക്കോട്: കോഴിക്കോട് അപകടത്തിൽപ്പെട്ട കാറിൽനിന്ന് എംഡിഎംഎ പിടികൂടി. വെള്ളയിൽ പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാറിൽനിന്ന് 2.84 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റുപറമ്പ് വീട്ടിൽ മനു(24)വിനെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ അ‍ഞ്ചിന് രാത്രി എട്ടോടെയാണ് മനു ഓടിച്ച സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് പള്ളിക്കണ്ടി സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടുപേരെയും പുതിയാപ്പ സ്വദേശിയായ പ്രണവ് ബീച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതി അപകടത്തിൽപ്പെട്ടതായി സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു.

 

ആശുപത്രിയിൽ എത്തിയ സുഹൃത്തുക്കൾ ഒരു പ്രകോപനവും കൂടാതെ ഇവരെ ആശുപത്രിയിൽ എത്തിച്ച പ്രണവിനെ നെഞ്ചിൽ ചവിട്ടുകയും ചാവി ഉപയോഗിച്ച് നെറ്റിയിൽ കുത്തിയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിനെയും സുഹൃത്തുക്കളെയും പറ്റി സംശയം തോന്നിയ പൊലീസ് അപകടസ്ഥലത്തെത്തി കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് പേഴ്സിൽനിന്ന്‌ എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുവേണ്ടി സൂക്ഷിച്ച ഗ്ലാസ് ട്യൂബും മയക്കുമരുന്ന് തൂക്കി നൽകുന്നതിനായുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട കാർ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Share news
error: Content is protected !!