KOYILANDY DIARY

The Perfect News Portal

വയനാട്ടിൽ വൻ എം.ഡി.എം.എ വേട്ട. നാല് പേർ പിടിയിൽ

വയനാട്ടിൽ വൻ എം.ഡി.എം.എ വേട്ട. നാല് പേർ പിടിയിൽ. മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരകമായ മയക്കു മരുന്നായ എം.ഡി.എം.എയുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേർ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബെംഗളൂരിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്ന 156 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു. കാറിൻ്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന. മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും ഇതോടൊപ്പം പിടികൂടി.

എ.എസ്.ഐ കെ.ടി മാത്യു, സി.പി.ഒമാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി.പി.ഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ്സിപിഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കെ. എൽ. 57 ടി 3475 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

ദിവസങ്ങൾക്ക് മുമ്പ് അരക്കിലോയോളം എം.ഡി.എം.എ സുൽത്താൻബത്തേരി പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ കേസാണ് ബത്തേരി പോലീസ് പിടികൂടുന്നത്. സ്ത്രീകളെ മറയാക്കി ഇത്തരത്തിൽ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.