കോഴിക്കോട് ജില്ലയിൽ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിക്കുന്നു
.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സാക്ഷരത ശതമാനം വർദ്ധിപ്പിക്കാനും ജില്ലയെ പരിപൂർണ സാക്ഷരതയിൽ എത്തിക്കാനുമായി ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ 100 സാക്ഷരതാ ക്ളാസുകൾ ആരംഭിക്കുന്നു. നിരക്ഷരരെ സാക്ഷരരാക്കാനുള്ള 100 സാക്ഷരത ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ 23ന് രാവിലെ 11 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻഉദ്ഘാടനം ചെയ്യും . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് അധ്യക്ഷത വഹിക്കും.
.

.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എൻ കെ ഹരീഷ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് ,ജില്ലാ പട്ടികവർഗ്ഗ ഓഫീസർ എം ശശി എന്നിവർ സംസാരിക്കും.
.

.
ചടങ്ങിൽ സംസ്ഥാനതലത്തിൽ ആദരിക്കപ്പെട്ട ജില്ലയിലെ നാലാം തരം തുല്യതാ പഠിതാവും മുൻ ജനപ്രതിനിധിയുമായിരുന്ന ചൂരൻകുട്ടി, ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷമായി ഏറ്റവും കൂടുതൽ സാക്ഷരതാ തുല്യതാ പഠിതാക്കളെ രജിസ്റ്റർ ചെയ്ത് പഠിപ്പിച്ച കോഴിക്കോട് കോർപ്പറേഷനിലെ നോഡൽ പ്രേരക് പി പി സാബിറ എന്നിവരെ ആദരിക്കും.
.

.
മൂന്ന് മാസം കൊണ്ട് ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ക്ലാസിൽ പത്തിൽ കുറയാത്ത പഠിതാക്കളെ ദിവസവും വൈകിട്ടു നാല് മുതൽ ആറ് വരെ പഠിപ്പിക്കും. ഇതിനായി 200 സന്നദ്ധ അധ്യാപകർക്കുള്ള പരിശീലനവും ഉടൻ ആരംഭിക്കും. നിരക്ഷരർ കൂടുതലുള്ള ഉന്നതികളിലും തീരദേശ മേഖലകളിലും ആണ് സാക്ഷരതാ ക്ലാസുകൾ പ്രധാനമായും സംഘടിപ്പിക്കുകയെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി എൻ ബാബു അറിയിച്ചു.



