കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് സതീശ്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് സതീശ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പതു കോടി കുഴൽപ്പണം എത്തിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശനെ ശനിയാഴ്‌ച ചോദ്യം ചെയ്യും. രാവിലെ 11ന് പൊലീസ് ക്ലബിൽ ഹാജരാവാൻ അന്വേഷക ഉദ്യേഗസ്ഥൻ വി കെ രാജു സതീശിന് നോട്ടീസ് അയച്ചു.
ശനിയാഴ്‌ച അന്വേഷക സംഘത്തിന് മുമ്പിൽ ഹാജരാവുമെന്നും കൊടകര കുഴൽപ്പണ കേസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സതീശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കള്ളപ്പണം സൂക്ഷിക്കാൻ ആർക്കൂം അധികാരമില്ല. എന്തുകൊണ്ട് കള്ളപ്പണം ഇറക്കി. ആ പണം എന്തു ചെയ്‌തു. ഇക്കാര്യങ്ങളിൽ തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറയും. അതുപ്രകാരം ആരെ പ്രതിയാക്കാണമെന്ന് പൊലീസ് തീരുമാനിക്കുമെന്നും സതീശ് കൂട്ടിച്ചേർത്തു.