KOYILANDY DIARY

The Perfect News Portal

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്, നരഹത്യാ കുറ്റം നിലനിൽക്കും

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്, നരഹത്യാ കുറ്റം നിലനിൽക്കും. മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻ്റെ മരണത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.

സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചു. ശ്രീറാമിൽ നിന്നും നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദാക്കുക, നരഹത്യ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷൻ കോടതി വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീലിലെ ആവശ്യം.

രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. വഫയുടെ ഹർജി അംഗീകരിച്ചാണ് നടപടി. ഇവർക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.