KOYILANDY DIARY

The Perfect News Portal

ഗറ്റ് ഔട്ട് ഫ്രം ഹിയർ.. കൽപ്പന അനുസരിക്കണം.. അല്ലാത്തവർ ഈ വഴിക്ക് വരണ്ട

ഗറ്റ് ഔട്ട് ഫ്രം ഹിയർ.. വിളിച്ചു വരുത്തിയ മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട ഗവർണർ അത് പറഞ്ഞു എന്ന് മാത്രമല്ല ആദ്ധേഹത്തിൻ്റെ ശരീര ഭാഷയും വാക്കുകളുടെ കാഠിന്യവും കണ്ണുകളിൽ ക്രൂരതയുടെ മനുഷ്യത്വമില്ലായ്മയും പ്രകടമായ നിമിഷമായിരുന്നു ഇന്നലെ മാലോകർക്ക് കാണാൻ കഴിഞ്ഞത്. താൻ ഇരിക്കുന്ന സ്ഥാനം എന്താണെന്ന് മനസിലാക്കാനുള്ള സാമാന്യ വിവരംപോലും ഇല്ലാത ഒരു മനുഷ്യ രൂപംമാത്രമാകുകയും ആ സ്ഥാനത്ത് മുമ്പ് ഇരുന്ന മഹാന്മാരായ ആളുകളെപോലും അപമാനിക്കുകയുമാണ് മുഹമ്മദ് ഖാൻ ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ ആഗ്രഹിക്കുന്നത്ര ചോദ്യം ചെയ്യൽ മാധ്യമപ്രവർത്തകരിൽനിന്ന്‌ ഉണ്ടാകാത്തതിന്റെ രോഷമാണ്‌ ഗവർണറുടെ “ഗറ്റ്‌ ഔട്ടി’ ന്‌ പിന്നിൽ. മാധ്യമങ്ങളെ കാണുമ്പോഴെല്ലാം ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ മുഖ്യമന്ത്രിയോട്‌ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ  കൽപ്പന അനുസരിക്കാത്തവർക്കെതിരെയാണ്‌ പൊട്ടിത്തെറിയും വിലക്കും എന്നത്‌ ശ്രദ്ധേയം.  ഗവർണറുടെ ഏകാധിപത്യ പ്രവണതയുടെ മറ്റൊരു ഉദാഹരണം കൂടിയാണിത്‌.

സെപ്‌തംബർ 23 – -ഡൽഹി
ഇനി മലയാള മാധ്യമങ്ങളോട്‌ മിണ്ടില്ല
‘ഹിന്ദി–ഇംഗ്ലീഷ്‌ മാധ്യമങ്ങളോട്‌ മാത്രമേ ഇനി സംസാരിക്കൂ. മാധ്യമ പ്രവർത്തകരെ കാണുമ്പോഴൊക്കെ ഞാൻ സംസാരിക്കാറുണ്ട്‌. അത്‌ മര്യാദയാണ്‌. എന്നാൽ, മുഖ്യമന്ത്രി എന്താണ്‌ നിങ്ങളെ വിശേഷിപ്പിച്ചത്‌. മാധ്യമ പ്രവർത്തകർക്ക്‌ ആത്മാഭിമാനമില്ലേ, അന്തസ്സില്ലേ. സ്വയം ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും. നിങ്ങൾ മുഖ്യമന്ത്രിയോട്‌ ഒന്നും പറഞ്ഞില്ല. മലയാള മാധ്യമങ്ങളോട്‌ ഇനി സംസാരിക്കാറില്ല.’
( ഡൽഹിയിൽ ഗവർണർ മലയാള മാധ്യമങ്ങളെ ബഹിഷ്‌കരിച്ചപ്പോൾ)

Advertisements

ഒക്ടോബർ 5  തിരുവനന്തപുരം
മാധ്യമ പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തകരായി
‘മാധ്യമ പ്രവർത്തകരാണ്‌ ഇപ്പോൾ വലിയ രാഷ്ട്രീയ പ്രവർത്തകർ. രാഷ്ട്രീയ പാർടിക്ക്‌ തെറ്റേത്‌, ശരിയേത്‌ എന്നതാണ്‌ അവർ നോക്കുന്നത്‌. പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ, സ്വതന്ത്ര പത്രപ്രവർത്തനം എന്നൊന്നില്ലെന്ന്‌ അമേരിക്കൻ പത്ര പ്രവർത്തകൻ പറഞ്ഞിട്ടുണ്ട്‌. മാനേജ്‌മെന്റും ഉടമകളുമാണ്‌ ഇപ്പോൾ എഡിറ്റർമാർ.’
(എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്‌കാരദാനച്ചടങ്ങിലെ പ്രസംഗം)

ഒക്ടോബർ 24–തിരുവനന്തപുരം
‘മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കാം. എന്നാൽ, പാർടി കേഡർമാരോട്‌ സംസാരിക്കാനില്ല. നിങ്ങളിൽ ആരാണ്‌ യഥാർഥ മാധ്യമ പ്രവർത്തകർ എന്ന്‌ അറിയില്ല. പ്രതികരണം രാജ്‌ഭവൻവഴി മാത്രം.’ (വിസിമാരോട്‌ രാജി ആവശ്യപ്പെട്ടതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോൾ)

ഒക്ടോബർ 24–- രാജ്‌ഭവൻ
കേഡർമാർ പുറത്ത്‌
‘കേഡർ’ മാധ്യമ പ്രവർത്തകർക്ക്‌ വാർത്താസമ്മേളനത്തിൽ വിലക്ക്‌. കൈരളി, ജയ്‌ഹിന്ദ്‌, റിപ്പോർട്ടർ, മീഡിയാവൺ മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ വിലക്കി. കേഡർ മാധ്യമ പ്രവർത്തകരെയാണ്‌ ഒഴിവാക്കിയതെന്ന ന്യായീകരണം ആവർത്തിച്ചു. ശരിയായ മാധ്യമ പ്രവർത്തകർ ആരെന്നു തിരിച്ചറിയാൻ ആകുന്നില്ലെന്ന കടുത്ത അധിക്ഷേപം ആവർത്തിച്ചു.

ഇന്നലെ-കൊച്ചി ഗറ്റ്‌ ഔട്ട്‌ ഫ്രം ഹിയർ
വാർത്താസമ്മേളനത്തിൽനിന്ന്‌ കൈരളി, മീഡിയാവൺ ചാനൽ പ്രവർത്തകരെ ഗവർണർ ആക്രോശിച്ചു പുറത്താക്കി. കേഡർ മാധ്യമങ്ങളോട് താൻ സംസാരിക്കില്ലെന്നും കൈരളിയുടെയും മീഡിയാവണ്ണിന്റെയും റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ പോകണമെന്നും ഗവർണറുടെ നിർദേശം. ഇതിനെ ചോദ്യംചെയ്ത മാധ്യമപ്രവർത്തകരോട് ഗവർണർ കയർത്തു. ഗറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ ആക്രോശം. ക്ഷണിച്ചുചെന്ന മാധ്യമ പ്രവർത്തകരെയാണ്‌ ഇറക്കിവിട്ടത്‌. പ്രതിഷേധിച്ച്‌ റിപ്പോർട്ടർ ചാനലിന്റെ ലേഖകനും വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചു.