KOYILANDY DIARY.COM

The Perfect News Portal

ജന്തര്‍ മന്തര്‍ സമരത്തിനെതിരായ അധിക്ഷേപം; മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ് അയച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി

.

തിരുവനന്തപുരം: ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തെ അധിക്ഷേപിച്ച മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ്ടു വിദ്യാര്‍ത്ഥി മാളവിക ആര്‍ തീക്കാടനാണ് നോട്ടീസ് അയച്ചത്. മദ്യത്തിനും സൗജന്യഭക്ഷണത്തിനും വേണ്ടിയാണ് സമരം എന്നതടക്കമുള്ള ആരോപണങ്ങള്‍ പിന്‍വലിക്കണം. അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം. 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

 

സുപ്രീംകോടതി അഭിഭാഷകനായ വിനീത് എസ് വര്‍ക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചത്. കോക്രോച്ച് കാമ്പയിന്‍ പിആര്‍ വര്‍ക്ക് ആണെന്നും സ്വന്തം കപ്പാസിറ്റി അറിയാത്ത ഫ്രസ്ട്രേറ്റഡ് യുവതയാണ് അവരെ പിന്തുണയ്ക്കുന്നതെന്നുമായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. കേരളത്തിലെ പണിയില്ലാത്ത ആര്‍ടിസ്റ്റുകള്‍ ഡല്‍ഹിയിലെത്തി ഒച്ചയും ബഹളവും ഉണ്ടാക്കുകയാണെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ‘കുട്ടികളെ വെറുതെ അടിക്കുന്നുവെന്നാണ് ആദ്യം തോന്നിയത്. വിഷമം തോന്നി. എന്നാല്‍ പരിശോധിച്ചപ്പോള്‍ അതില്‍ കുട്ടികള്‍ എവിടെയെന്ന് തോന്നി. കുട്ടന്മാരാണ് കൂടുതല്‍.

 

പലര്‍ക്കും എന്നെ തെറിവിളിക്കാന്‍ തോന്നും. സോനം വാങ്ചുക്കിനെ ലേ ലഡാക്കില്‍ നിന്നുതന്നെ അറിയാം. തുടക്കം നിഷ്പക്ഷം ആയിരുന്നു. പിന്നീട് എവിടുന്നോ കുറേ ഫണ്ടുകള്‍ വരാന്‍ തുടങ്ങി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അതിലൊന്നും നിയന്ത്രണം ഉണ്ടായിരുന്നില്ല. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണം എന്നുപറഞ്ഞാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ തുടക്കം എവിടെയാണ്. അമേരിക്കയില്‍ നിന്ന് ഏതോ ഒരുത്തന്‍ എഞ്ചിനീയറിംഗും പഠിച്ച് ചെറിയ ജോലി ചെയ്യുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ കോക്രോച്ച് കാമ്പയിന്‍ തുടങ്ങുകയായിരുന്നു. പി ആര്‍ വര്‍ക്ക് ആയിരുന്നു അത്’, മേജര്‍ രവി പറഞ്ഞു.

 

Share news