KOYILANDY DIARY

The Perfect News Portal

കല്ലോട് പൈന്തുമ്പ മലയിൽ വീണ്ടും തീപിടിത്തം

പേരാമ്പ്ര: പേരാമ്പ്ര കല്ലോട് പൈന്തുമ്പ മലയിൽ വീണ്ടും തീപിടിത്തം. കഴിഞ്ഞ ദിവസവും ഇതിനടുത്ത് അടിക്കാടുകൾക്ക് തീപിടിച്ചിരുന്നു. ബുധൻ പകൽ രണ്ടരയോടെയാണ് മലയില്‍ വീണ്ടും അഗ്നിബാധ  ഉണ്ടായത്. വാഹനം ചെന്നെത്താത്ത ചെങ്കുത്തായ പ്രദേശത്ത് ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ പി സി പ്രേമന്റെ നേതൃത്വത്തിൽ  സേന എത്തി നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു.
തണ്ണിക്കുന്നുമ്മൽ ഇന്ദിര, നളിനി, സുനില്‍, തോട്ടത്തില്‍ വിശ്വന്‍, പത്മനാഭന്‍ നായര്‍ വെള്ളിമാട്കുന്ന് എന്നിവരുടെ  മൂന്ന് ഏക്കറോളം സ്ഥലത്തെ അടിക്കാടുകൾക്കും റബര്‍, തെങ്ങ്, മരങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. വേനല്‍ചൂട് 40 ഡിഗ്രിക്കടുത്തായി തുടരുന്ന സാഹചര്യത്തില്‍ അലസമായും മുന്‍കരുതലില്ലാതെയും ചപ്പുചവറുകള്‍ കത്തിക്കുന്നതിലും പടക്കം, സിഗരറ്റ് എന്നിവ കത്തിച്ച് വലിച്ചെറിയുന്നതിലും കനത്ത  ജാഗ്രത പുലര്‍ത്തണമെന്ന് അഗ്‌നിരക്ഷാസേന മുന്നറിയിപ്പ് നൽകി.