KOYILANDY DIARY

The Perfect News Portal

രണ്ടരമണിക്കൂര്‍ മണ്ണിനടിയില്‍, ശുശാന്തിനെ രക്ഷിച്ചത് അതിസാഹസികമായി

രണ്ടരമണിക്കൂര്‍ മണ്ണിനടിയില്‍.. ശുശാന്തിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.. കോട്ടയം: മറിയപ്പള്ളിയിൽ മണ്ണിനടിയിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി ശുശാന്തിനെയാണ് രണ്ടര മണിക്കൂറിനൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയിൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയാണ് ശുശാന്ത് മണ്ണിനടിയിൽ കഴിഞ്ഞത്.
ശുശാന്തിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിലും വൈദ്യസഹായത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം ജനറൽ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റുക. രക്ഷാപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞത് ആശങ്ക വർധിപ്പിച്ചുവെങ്കിലും ഒടുവിൽ ജീവന് ഒരപകടവും സംഭവിക്കാതെ ശുശാന്തിനെ പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും.
Advertisements
കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയിൽ ശുശാന്ത് കഴിയുമ്പോൾ കൂടുതൽ മണ്ണിടിയാതിരിക്കാൻ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് ശുശാന്തിനെ പുറത്തെടുത്തത്.
മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ ഇയാൾ തന്റെ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. വെള്ളവും മറ്റും നൽകിയ ശേഷമാണ് ആംബുലൻസിലേക്ക് മാറ്റിയത്. ശുശാന്തിന് ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കോട്ടയം മറിയപ്പള്ളിക്ക് മടത്തുകാവൂർ ക്ഷേത്രത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അപകടമുണ്ടായത്. ഇവിടെ മൺതിട്ടയുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്. മണ്ണിടിച്ചിലുണ്ടായ സമയത്ത് മൂന്ന് പേർ രക്ഷപ്പെട്ടു.