KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വിപണിയില്‍ പുതിയ പ്രതിസന്ധി

സ്വര്‍ണ വിപണിയില്‍ പുതിയ പ്രതിസന്ധി. എത്രത്തോളം വില കൂടിയാലും സ്വര്‍ണം വാങ്ങുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ മാറ്റമൊന്നും കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായിട്ടില്ല. വാങ്ങുന്ന സ്വര്‍ണ്ണത്തില്‍ അല്‍പം അളവ് കുറഞ്ഞാലും വാങ്ങാതിരിക്കില്ല എന്നാണ് കേരളത്തിലെ വ്യാപാരികളും പറയുന്നത്. അതിനാല്‍ തന്നെ സര്‍വകാല റെക്കോഡിലേക്ക് സ്വര്‍ണവില കുതിക്കുമ്പോഴും അത് വിപണിയെ കാര്യമായി ബാധിക്കാറില്ല.

എന്നാല്‍ സ്വര്‍ണ വ്യാപാരികള്‍ ഏറെ പരാതിപ്പെട്ട കാര്യമായിരുന്നു എച്ച് യു ഐ ഡി ആറക്ക ഹാള്‍മാര്‍ക്കിംഗ്. പഴയ ഹാള്‍മാര്‍ക്കിംഗ് രീതി മാറ്റി പുതിയ രീതിയിലേക്ക് കടക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ ഒന്നിനായിരുന്നു ഇതിനായി അവസാന തിയതി കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പുതിയ ഹാര്‍മാര്‍ക്ക് പതിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി ഹൈക്കോടതി നീട്ടി നല്‍കിയിരുന്നു.

പുതിയ എച്ച് യു ഐ ഡി നമ്പറില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ന്ന കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന് എതിരെ ഗോള്‍ഡ് ആന്റ് മര്‍ച്ചന്റസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. ഇത് ജ്വല്ലറി വ്യാപാരികള്‍ക്ക് വലിയ ആശ്വാസമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ പുതിയ തീരുമാനം വീണ്ടും വ്യാപാരികളേയും ഉപഭോക്താക്കളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Advertisements

ഇ-ഇന്‍വോയിസും ഇ-വേ ബില്ലും ആണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികളേയും ഉപഭോക്താക്കളേയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നത്. രണ്ട് ലക്ഷം രൂപ മുതല്‍ മൂല്യമുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ഇലക്ട്രോണിക് വേ ബില്‍ അഥവാ ഇ-വേ ബില്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് സംസ്ഥാന ധനവകുപ്പ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളം മാത്രമാണ് ഇപ്പോള്‍ സ്വര്‍ണത്തിന് ഇ-വേ ബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ തീരുമാനം നടപ്പിലായാല്‍ നിലവിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ച് വെറും നാല് പവന്‍ (ഏകദേശം 32 ഗ്രാം) സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ പോലും ഇ-വേ ബില്‍ വേണ്ടി വരും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് സ്വര്‍ണ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisements

കൊണ്ടുപോകുന്ന സ്വര്‍ണം സ്വകാര്യ ആവശ്യത്തിനാണോ വാണിജ്യാവശ്യത്തിനാണോ എന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും എന്നാണ് സ്വര്‍ണ വ്യാപാരികളുടെ ചോദ്യം. ഒരു സ്വര്‍ണാഭരണം നിര്‍മാണം പൂര്‍ത്തിയായി വിപണിയിലെത്തുന്നത് നിരവധി ഫാക്ടറികളിലൂടെയും ലാബുകളിലൂടെയും കയറിയിറങ്ങിയാണ്. അങ്ങനെയിരിക്കെ പുതിയ തീരുമാനപ്രകാരം ഓരോ ഘട്ടത്തിലും മറ്റൊരിടത്തേക്ക് പോകുമ്പോള്‍ ഇ-വേ ബില്‍ ആവശ്യമായി വരും. ഇത് എങ്ങനെ പ്രായോഗികമാകും എന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. മാത്രമല്ല സ്വര്‍ണം ഇത്തരത്തില്‍ കൊണ്ടുപോകുന്ന വിവരങ്ങള്‍ ചോരുന്നത് സുരക്ഷയെയും ബാധിച്ചേക്കും എന്ന ആശങ്കയും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രതിസന്ധിയാണ് ഇ-ഇന്‍വോയ്‌സും. നിലവില്‍ 10 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഓരോ ബിസിനസ് ഇടപാടിനും ജിഎസ്ടി ഇ-ഇന്‍വോയിസ് സമര്‍പ്പിക്കേണ്ടതുണ്ട്.

ഐടിസി ലഭിക്കാന്‍ ഇത് അനിവാര്യമാണുതാനും. എന്നാല്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ഇ-ഇന്‍വോയിസ് ബാധകമായ വിറ്റുവരവിന്റെ പരിധി അഞ്ചുകോടി രൂപയാക്കി നിജപ്പെടുത്തും എന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു. അങ്ങനെ വന്നാല്‍ ചെറുകിടക്കാരും ഇ-ഇന്‍വോയ്സിന്റെ പരിധിയിലാകും. അതായത് കുറഞ്ഞത് 22 ഗ്രാം സ്വര്‍ണാഭരണം വില്‍ക്കുന്ന വ്യാപാരികളും ഇ-ഇന്‍ വോയിസ് നല്‍കേണ്ടി വരും എന്ന് സാരം. കേരളത്തിലെ 5000ത്തിന് മേല്‍ വരുന്ന സ്വര്‍ണ വ്യാപാരികളെ ഇത് ബാധിക്കും. ആഗസ്റ്റ് മുതല്‍ ഓരോ ഇടപാടിനും ഇ-വേ ബില്ലും ഇ-ഇന്‍വോയിസും കരുതേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ക്ക് വരാന്‍ പോകുന്നത്. ഇത്, വ്യാപാരത്തെ സാരമായി ബാധിച്ചേക്കാം എന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം നികുതി ചോര്‍ച്ച തടയാന്‍ ഇ-വേ ബില്‍ അത്യാവശ്യമാണ് എന്നാണ് ധനവകുപ്പ് പറയുന്നത്.