KOYILANDY DIARY

The Perfect News Portal

പോകാം ഐആർസിടിസിക്കൊപ്പം ഒരു കാശ്മീർ യാത്ര

കാശ്മീർ യാത്ര ഒരു സ്വപ്നമായി കരുതാത്ത സഞ്ചാരികളുണ്ടാവില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് യാത്രികർക്ക് കാശ്മീർ എന്ന ഭൂമിയിലെ സ്വർഗ്ഗം. ഇപ്പോഴിതാ, കേരളത്തിൽ നിന്നും കാശ്മീർ വരെ സുഖമായി പോയി പോയി, അവിടുത്തെ പ്രധാന ഇടങ്ങളും കാഴ്ചകളും കണ്ട് സുരക്ഷിതമായി മടങ്ങി വരുവാൻ പറ്റിയ ഒരു പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐആർസിടിസി.

അഞ്ചു പകലും ആറ് രാത്രിയും ദൈർഘ്യമുള്ള പാക്കേജിൽ പഹൽഗാം, സോനാമാർഗ്, ഗുൽമാർഗ്, ശ്രീനഗർ തുടങ്ങിയ ഇടങ്ങളും അവിടെ നിർബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാശ്മീർ ഹെവൻ ഓൺ എര്‍ത്ത് എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് തിരുവനന്തപുരത്ത് നിന്ന് ജൂൺ, ജൂലായ് മാസങ്ങളിൽ രണ്ട് യാത്രകളാണ് നടത്തുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രാവിലെ ആരംഭിക്കുന്ന യാത്ര വൈകുന്നേരം ശ്രീനഗറിലെത്തും. യാത്രയുടെ ക്ഷീണം മാറുവാൻ ഹോട്ടലിൽ വിശ്രമിച്ച ശേഷം നേരേ ടൂർ പ്രോഗ്രാമുകളിലേക്ക് കടക്കും. ദാൽ തടാകത്തില്‌ ശിക്കാര വള്ളത്തിലിരുന്ന് സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കുന്നതാണ് ആദ്യ ദിവസത്തെ ആകർഷണം. താല്പര്യമുള്ളവർക്ക് സ്വന്തം ചിലവിൽ ഫ്ലോട്ടിങ് ഗാർഡൻ ആയ ചാർ ചിനാർ ആസ്വദിക്കാം. രാത്രി താമസവും ഭക്ഷണവും ശ്രീനഗറിലെ ഹോട്ടലിൽ ആണ് ഒരുക്കിയിരിക്കുന്നത്.

Advertisements

സ്വർണ്ണത്തിന്‍റെ താഴ്വരയായ സോൻമാർഗ്ഗിലേക്കാണ് രണ്ടാം ദിവസത്തെ യാത്ര. സമുദ്രനിരപ്പിൽ നിന്നും 2800 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സിന്ധ് നദിയുടെ മനോഹരമായ കാഴ്ചയുള്ള ഇവിടെ പ്രധാന നദിയിൽ നിന്നും മീൻപിടിക്കുവാനും സാധിക്കും. കഴിയുമെങ്കിൽ വേനൽക്കാലത്തെ ഇവിടുത്തെ പ്രധാന ആകർഷണമായ തജ്‌വാസ് ഹിമാനിയിലേക്കും പോയി വൈകുന്നേരത്തോടെ ശ്രീനഗറിലെ ഹോട്ടലിലേക്ക് മടങ്ങും. രാത്രി അത്താഴവും ഭക്ഷണവും ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്.

മൂന്നാം ദിവസം സ്കീയിങ്ങിന് പ്രസിദ്ധമായ ഗുൽമാർഗും പ്രകൃതിഭംഗി കൊണ്ട് മനോഹരമായ ഖിലൻമാർഗും സന്ദർശിക്കും. വൈകുന്നേരം തിരികെ ശ്രീനഗറിലേക്ക് വരും. നാലാം ദിവസം പഹല്‍ഗാമിലേക്ക് പോകും. മുദ്രനിരപ്പിൽ നിന്നും 2800 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പഹൽഗാം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഷൂട്ടിങ് ലൊക്കേഷനാണ്. ബേതബ് വാലി, ചന്ദൻവാലി, അരുവാലി തുടങ്ങിയ ഇടങ്ങൾ സ്വന്തം ചിലവിൽ സന്ദർശിക്കുവാനും യാത്രക്കാർക്ക് അവസരമുണ്ട്.

അന്ന് രാത്രി താമസവും ഭക്ഷണവും പഹൽഗാമിലാണ് ഒരുക്കിയിരിക്കുന്നത്.
അഞ്ചാം ദിവസം പഹൽഗാമിൽ നിന്നും ശ്രീനഗറിലേക്ക് പോകും. ശങ്കരാചാര്യ ക്ഷേത്രത്തിലെ ദർശനത്തിനാണ് ഇവിടെനിന്നും ആദ്യം പോകുന്നത്. തുടർന്ന് ദാൽ തടാകത്തിൽറെ കരയിൽ സ്ഥിതി ചെയ്യുന്ന ഹസ്രത്ബാൽ ഷ്രൈൻ സന്ദർശിക്കും. രാത്രിയിൽ ദാൽ തടാകത്തിൽ ഹൗസ് ബോട്ടിലാണ് താമസവും ഭക്ഷണവും. ആറാം ദിനസം രാവിലെ ഹൗസ് ബോട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം എയർപോർട്ടിലേത്ത് പോയി തിരികെ തിരുവനന്തപുരത്തിന് മടങ്ങും.

ജൂൺ 17, ജൂലൈ 1 എന്നീ രണ്ടു തിയതികളിലായാണ് തിരുവനന്തപുരത്തു നിന്നും ഈ യാത്ര പുറപ്പെടുന്നത്. ഓരോ യാത്രയിലും 29 പേർക്ക് വീതമാണ് പങ്കെടുക്കുവാൻ സാധിക്കുന്നത്. ജൂൺ 17ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന യാത്ര വൈകിട്ട് 5.35ന് ശ്രീനഗറിലെത്തും. തിരികെ ജൂൺ 22ന് വൈകിട്ട് 4.35ന് ശ്രീനറിൽ നിന്നാരംഭിക്കുന്ന മടക്കയാത്ര രാത്രി 11.20ന് തിരുവനന്തപുരത്തെത്തും. ഇതേ സമയക്രമീകരണത്തിൽ ജൂലൈ 1ന് പോകുന്ന യാത്ര 6ന് മടങ്ങിയെത്തും. കംഫർട്ട് ക്ലാസിലുള്ള യാത്രാ സൗകര്യങ്ങൾ ഉൾപ്പെടുന്ന യാത്രയിൽ സിംഗിൾ ഒക്യുപൻസിയിൽ 53,450 രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 48,700 രൂപയും ട്രിപ്പിൾ ഒക്യൂപൻസിയിൽ ഒരാൾക്ക് 47,350 രൂപയും 5-11 പ്രായത്തിലുള്ള ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 38,850 രൂപയും ബെഡ് വേണ്ടെങ്കിൽ 36,150 രൂപയുമാണ് നിരക്ക്. 2-4 പ്രായക്കാർക്ക് 30,600 രൂപയാണ് ടിക്കറ്റ്.

02 മുതൽ 04 വയസ്സു വരെയുള്ള കുട്ടികകളുടെ ടിക്കറ്റ് ഐആർസിടിസി ബുക്കിങ് കൗണ്ടറുകളിൽ മാത്രമേ നടത്താനാവൂ. ഇതിനായി നേരിട്ട് എറണാകുളം ഐആർസിടിസി ഓഫീസിൽ ബന്ധപ്പെടാം. ഫോൺ നമ്പര്‍:0484-2382991. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് ഇന്‍ഫന്‍റ് ചാര്‍ജ് അടയ്ക്കണം, ഇത് എയർപോർട്ട് ചെക്ക്-ഇൻ സമയത്ത് എയർലൈൻ കൗണ്ടറിൽ അടയ്ക്കാം. ഇൻഡിഗോ എയർലൈൻസിന്‍റെ ഇക്കണോമി ക്ലാസിലായിരിക്കും യാത്ര. വിമാന ടിക്കറ്റ്, ഹോട്ടല്‍ താമസം, ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിങ് എന്നിവ ടിക്കറ്റിറെ ഭാഗമാണ്.