KOYILANDY DIARY

The Perfect News Portal

പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

ഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ചുള്ള മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടെന്നും ഇനിയും ചിത്രം വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു നിര്‍മാതാക്കള്‍ക്കുവേണ്ടി അഭിഭാഷകനായ ഹരീഷ് സാല്‍വെ വാദിച്ചത്. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ വരുന്നില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിലപാട് എടുക്കാമെന്നുമായിരുന്നു നാലു സംസ്ഥാനങ്ങള്‍ കോടതിയില്‍ വാദിച്ചത്.

Advertisements

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് വിലക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്. ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 25ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *