കാപ്പാട് ബീച്ചിലെ ശൗചാലയം; യുവമോർച്ച റീത്ത് വെച്ച് പ്രതിഷേധിച്ചു
.
കൊയിലാണ്ടി: കാപ്പാട് തുവ്വപ്പാറ ബീച്ചിലെ ശൗചാലയം 6 വർഷം മുമ്പ് ഉദ്ഘാടനം ചെയ്തിട്ടും ഇന്നേവരെ തുറന്നു കൊടുക്കാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടുന്ന ഇടമായി മാറ്റിയതിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ശൗചാലയ സമുച്ചയത്തിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. തുവ്വപ്പാറ ബീച്ചിൽ നടന്ന പരിപാടി യുവമോർച്ച ജില്ലാ സെക്രട്ടറി അമൽ ഷാജി വി എം ഉദ്ഘാടനം ചെയ്തു.

ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കാപ്പാട് ബീച്ചിൽ വിനോദ സഞ്ചാരികൾ പ്രാഥമിക ആവശ്യം നിർവഹിക്കാൻ അടുത്തുള്ള പെട്രോൾ പമ്പും വീടുകളും ആശ്രയിക്കേണ്ടി വരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ്. ശുചിത്വത്തിനും പൊതുശൗചാലയ സൗകര്യങ്ങൾക്കും രാജ്യം വളരെയധികം പ്രാധാന്യം നൽകി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ആളുകളെത്തുന്ന കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല.

ശൗചാലയം അടിയന്തരമായി ശുചീകരിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും കാപ്പാട് ബീച്ചിന്റെ ശുചിത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഐശ്വര്യ പി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട് മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി അഡ്വ. വിനിഷ, ജനറൽ സെക്രട്ടറിമാരായ മനു സി. കെ, അക്ഷയ് ടി.പി.ആർ, മണ്ഡലം ഭാരവാഹികളായ തേജലക്ഷ്മി, നേഹ എന്നിവർ സംസാരിച്ചു.



