സൂപ്പർ ലീഗ് കേരള: കൊമ്പൻസ് vs ഫോഴ്സ കൊച്ചി പോരാട്ടം വെള്ളിയാഴ്ച
.
ഫിനിഷിങ്ങിലെ പിഴവാണ് മൂന്നാം സീസണിൽ പല മത്സരങ്ങളിലും തിരുവനന്തപുരം കൊമ്പൻസിന് തിരിച്ചടിയായത്. ആ പിഴവ് തിരുത്തിയാണ് കൊമ്പൻമാർ അവസാന ഹോം മാച്ചിന് വെള്ളിയാഴ്ച ഇറങ്ങുന്നത്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ കാലിക്കറ്റ് എഫ്സിയെ ചാമ്പ്യന്മാരാക്കിയ രണ്ട് പേരാണ് വെള്ളിയാഴ്ച കൊമ്പൻസിന്റെ വിജയത്തിനായി ഒത്തു ചേരുന്നത്.

കോച്ച് ഇയാൻ ഗില്ലനും ഹെയ്തിയുടെ മുന്നേറ്റ നിര താരം കെർവെൻസ് ബെൽഫോർട്ടും. ഇരുവരും ചേർന്ന് കൊമ്പന്മാരെ വീണ്ടും വിജയ പാതയിലേക്ക് നയിക്കുമെന്നാണ് മാനേജ്മെന്റിന്റേയും പ്രതീക്ഷ. 2016-17 സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന് വേണ്ടിയും കെർവെൻസ് ബൈൽഫോർട്ട് കളിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ലീഗിലെ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയുമായി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കൊമ്പന്മാർ പരാജയപ്പെട്ടെങ്കിലും അത് പോയിന്റ് പട്ടികയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.

ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഇപ്പോഴും നാലാം സ്ഥാനത്ത് തന്നെയാണ് കൊമ്പൻസ്. പക്ഷെ ഇനിയുള്ള മൂന്ന് മത്സരങ്ങൾ നിർണ്ണായകമാണ്. കൊച്ചിയുമായുള്ള അവസാന ഹോം മാച്ച് കഴിഞ്ഞാൽ പിന്നെ മൂന്നാം സ്ഥാനത്തുള്ള മലപ്പുറവുമായും അഞ്ചാം സ്ഥാനത്തുള്ള തൃശൂരുമായും അവരുടെ തട്ടകങ്ങളിലാണ് കൊമ്പൻസിന്റെ മത്സരങ്ങൾ. അതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തിൽ ആരാധകരുടെ പിന്തുണയോടെ വെള്ളിയാഴ്ച മൂന്ന് പോയിന്റും സ്വന്തമാക്കാൻ പുതിയ തന്ത്രങ്ങളുമായിട്ടാകും കൊമ്പൻസ് ഇറങ്ങുക.




