സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി
.
സ്വതന്ത്ര ഹ്രസ്വ ചലച്ചിത്രമേള (ഐഇഎഫ്.എഫ്.കെ) യുടെ എട്ടാമത് എഡിഷന് കൃഷ്ണമേനോൻ മ്യൂസിയത്തിലെ ത്രീഡി തിയറ്ററിൽ തുടക്കമായി. അ കാൻഷാ സൂദ് സിങ് സംവിധാനം ചെയ്ത പവാഴയുടെ പ്രദർശനത്തോടെയാണ് മേളക്ക് കൊടിയേറിയത്. തമിഴ് സംവിധായകൻ ആർ ഗൗതം മേള ഉദ്ഘാടനം ചെയ്തു. തമിഴ് മലയാളം സിനിമകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ശക്തമാക്കണമെന്നും ഇത്തരം മേളകൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെസ്റ്റിവൽ ഡയറക്ടർ കെ. അർജുൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ ജിയോ ബേബി മുഖ്യാതിഥിയായി. ഫെസ്റ്റിവെൽ ഗൈഡ് സംവിധായിക ജയതി വദ്വാൻ ആർട്ട് ഹിസ്റ്റോറിയൻ സുരേഷ് ജയറാമിന് കൈമാറി പ്രകാശിപ്പിച്ചു. പ്രതാപ് ജോസഫ് സംസാരിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ബയോസ്കോപ്പ് പുരസ്കാരത്തിനായി മൂന്ന് മലയാള ചിത്രങ്ങളടക്കം 13 എൻട്രികളാണുള്ളത്.

ഭവ്യ കാർത്തികേയൻ സംവിധാനം ചെയ്ത ചായപ്പൊടി, ഋതു സംവിധാനം ചെയ്ത കുട്ടിക്കളി, ദേവൻ സംവിധാനം ചെയ്ത ഓയ്വിൽ വലിവാക്ക് എന്നിവയാണ് മലയാള ചിത്രങ്ങൾ. നടി രോഹിണി സംവിധാനം ചെയ്ത ‘ലഗാത്തോ’യാണ് സമാപന ചിത്രം. ഇറാനിൽ നിന്നുള്ള സ്ത്രീ സിനിമകൾ, കുർദിഷ് സിനിമകൾ, തമിഴ് സിനിമകൾ, എക്സ്പാൻഡഡ് സിനിമ, അനിമേഷൻ സിനിമകൾ, സിനിമാ ബയോസ്കോപ്, ഇന്ത്യൻ സിനിമ, ലോക സിനിമ, മലയാളം സിനിമാ വിഭാഗങ്ങളിലായി 120 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 15ന് സമാപിക്കും.

മേളയിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ 11 വരെ ഓൾഡ് മാൻ ആൻഡ് ഓൾഡ് ബോയ്, എ ലിറ്റിൽ ഗോൾഡ് ഫിഷ്, പി പിയുപി ആൻഡ് റിക്കാർഡോ, എവരിതിങ് ബിറ്റ്വീൻഅസ്, ദി ഫോർച്യുണേറ്റ്, ഡിയർ അബു പകൽ 11.30 മുതൽ 1.30 വരെ ജക്കുപതി, ഹ്യുമൻ സ്കം, ദി വിൻഡ് ഓഫ് എ ഹോട്ട് ഡേ, ഗ്രേറ്റർ ഫ്ലമിങോ പകൽ 2 മുതൽ വൈകിട്ട് 4.30 വരെ ഒറ്റപ്പെട്ട ഡബിൾ ചാരു – ദി ബീറ്റ്സ് ഓഫ് റിബലിയൻസ്, എ ലെറ്റർ ഫോർ ടുമോറോ, അപ്പം ആൻഡ് അപ്പോളജീസ്, മട്ടാഞ്ചേരി മാഫിയ വൈകിട്ട് 5ന്: ഓപ്പൺ ഫോറം.



