മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു
.
കൊയിലാണ്ടി: മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് വെള്ളിയാഴ്ച കാലത്ത് സാഹിത്യകാരൻ പി.ആർ. നാഥൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീ ശ്രീ രവിശങ്കറുടെ പൂർണ്ണ അനുഗ്രഹത്തിൽ നടക്കുന്ന മഹോത്സവത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ യജ്ഞാചാര്യൻ ബ്രഹ്മചാരി യോഗാനന്ദ അനുഗ്രഹഭാഷണം നടത്തി.

കെ.പി. രമേശൻ സ്വാഗതവും രമണൻ നന്ദിയും പറഞ്ഞു. തുടർന്ന് മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, വാസ്തു ശാന്തി ഹോമം, വൈകിട്ട് മഹാസുദർശന ഹോമം എന്നിവ നടന്നു. ശനിയാഴ്ച രാവിലെ മഹാരുദ്ര ഹോമം, വൈകീട്ട് ചണ്ഡീകലശ സ്ഥാപനവും ചണ്ഡീ പാരായണവും നടക്കും. ഞായറാഴ്ച രാവിലെ വൈദിക് ധർമ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ വേദവിജ്ഞാൻ മഹാവിദ്യ പീഠത്തിലെ പുരോഹിത ശ്രേഷ്ഠന്മാരുടെയും സന്യാസിമാരുടെയും നേതൃത്വത്തിൽ
നടക്കുന്ന ഏറെ പ്രധാനപ്പെട്ട മഹാചണ്ഡിക ഹോമത്തോടെ നവരാത്രി മഹോത്സവാഘോഷം സമാപിക്കും.



