KOYILANDY DIARY.COM

The Perfect News Portal

പ്രോജക്ട് സീറോ: കോഴിക്കോട് റേഞ്ച് തല ഉദ്ഘാടനം 28 ന് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

.
അഴിമതിക്കെതിരെ വിസിൽ മുഴക്കാൻ യുവത. വിജിലൻസിൻ്റെ ജെൻസി കൂട്ടായ്മയ്ക്ക് തുടക്കം. കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സംസ്ഥാനതല സംരംഭമായ ‘പ്രോജക്ട് സീറോ – അഴിമതിക്കെതിരെ വിസിൽ മുഴക്കുക’ പദ്ധതിയുടെ കോഴിക്കോട് റേഞ്ച് തല ഉദ്ഘാടനം സെപ്റ്റംബർ 28 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കാമ്പസിൽ നടക്കും.
ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വിസിൽ മുഴക്കി പദ്ധതി ഉദ്ഘാടനം ചെയ്യുകയും വിജിലൻസ് കമാൻഡോകൾക്ക് ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്യും. അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട് സീറോ നടപ്പാക്കുന്നത്. ‘സത്യസന്ധതയ്ക്കായി ജെൻസി, നാളത്തെ കേരളത്തിനായി’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. 
കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്. ആമുഖ പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചലച്ചിത്ര താരം നീരജ് മാധവ് പൊതുജനങ്ങൾക്ക് യുവജന സത്യസന്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രശസ്ത പണ്ഡിതനും കവിയുമായ സോമൻ കടലൂർ വിശിഷ്ടാതിഥിയായിരിക്കും. 
ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് ആൻഡ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ് പി.സി. അൻവർ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ്.പി. ദേവദാസ് സി.എം., വി.എ.സി.ബി. നോർത്തേൺ റേഞ്ച് കോഴിക്കോട് എസ്.പി. ബാലകൃഷ്ണൻ നായർ, ജെ.ഡി.ടി. സെക്രട്ടറി സി.എ. ആരിഫ് എന്നിവർ സംസാരിക്കും.
കാമ്പയിന്റെ ഭാഗമായി ‘പ്രോജക്ട് സീറോ’ പ്രചാരണ ദൃശ്യാവിഷ്കാരം പ്രകാശനം ചെയ്യും. അഴിമതിക്കെതിരായ സന്ദേശമുയർത്തി ‘നേരിന്റെ ചുവടുകൾ’ എന്ന അഞ്ച് മിനിറ്റ് നൃത്താവിഷ്കാരവും ‘ജീവിതത്തിന് വിലങ്ങ് തീർത്തവർ’ എന്ന പത്ത് മിനിറ്റ് നാടകവും അരങ്ങേറും. ജെ.ഡി.ടി. ഇസ്ലാം ഓർഫനേജ് ആൻഡ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികൾ അഴിമതിവിരുദ്ധ സന്ദേശമുയർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിക്കും.
വിജിലൻസ് കമാൻഡോ ആയി ചേരാൻ vigilance.kerala.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കുന്നതിന് 1064 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ വിജിലൻസിനെ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വിജിലൻസ് എസ്.പി.മാരായ ബാലകൃഷ്ണൻ നായരും ദേവദാസ് സി.എം.യും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Share news